വയനാട്ടില്‍ ജനവാസമേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവയെ പനമരം മേച്ചേരി വയൽ പ്രദേശത്ത് കണ്ടെത്തി. കടുവയുള്ള പുളിയ്ക്കൽ വയൽ മേഖല വനപാലകർ സുരക്ഷിതമായി വളഞ്ഞു. കടുവയെ രാത്രിയോടെ തൊട്ടടുത്ത പാതിരിയമ്പം വനമേഖലയിലേക്ക് കയറ്റിവിടാനാണ് ശ്രമമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.
രാവിലെ പനമരം മേച്ചേരി വയൽ പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതാണ് ദൗത്യത്തിൽ വഴിത്തിരിവായത്. ഇന്നലെ കടുവയുടെ ദൃശ്യം ഡ്രോണിൽ പതിഞ്ഞ പടിക്കംവയലിൽ നിന്ന് ഏതാണ്ട് നാല് കിലോമീറ്റർ അകലെയാണിത്. ആർആർടി സംഘം നേരിൽ കടുവയെ കണ്ടതിന് പിന്നാലെ എൺപതോളം വരുന്ന വനപാലക സംഘം ഉച്ചയോടെ സുരക്ഷിതമായി പ്രദേശം വളഞ്ഞു. മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നി കുങ്കിയാനകളെയും കടുവയെ കാട് കയറ്റുന്നതിനായി സ്ഥലത്ത് എത്തിച്ചു.
കടുവാ ഭീതിയിലുള്ള പനമരം, കണിയാമ്പറ്റ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. കടുവയെ കണ്ട മേച്ചേരി പുളിക്കൽ ഭാഗത്ത കുടുംബങ്ങൾക്ക് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി.