വനമേഖല ഇല്ലാത്ത തുറസായ വയല്‍ പ്രദേശത്തുപോലും കടുവ എത്തിപ്പെടുന്ന സാഹചര്യമാണ് വയനാട്ടുകാരെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത്. കടുവകളുടെ പ്രജനന കാലത്ത് വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും പനമരം പടിക്കംവയലില്‍ എത്തിയ കടുവയുടെ വഴികള്‍ ഏതെന്ന് ഇപ്പോഴും വ്യക്തമല്ല.
പനമരത്ത് ഇറങ്ങിയ കടുവ മൂന്ന് ദിവസം നാട്ടില്‍ കറങ്ങി നടന്നശേഷം കാടുകയറി. ഭാഗ്യത്തിന് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലന്ന് പറയാം. മയക്കുവെടിവച്ച് പിടിക്കേണ്ടി വന്നില്ലെന്ന് വനം വകുപ്പിന് ആശ്വസിക്കാമെങ്കിലും കടുവാ ഭീതി പൂര്‍ണമായി ഒഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം.
പടിക്കംവയലില്‍ നിന്ന് കടുവ നേരെ എത്തിയത് ജനവാസമേഖലകള്‍ പലതും കടന്ന് പനമരം മേച്ചേരി വയല്‍ ഭാഗത്തേക്ക്. കടുവ കൈതക്കാട്ടില്‍ ഉള്ള സമയത്തും കുട്ടികള്‍ അടക്കം തൊട്ടടുത്ത വഴിയിലൂടെ കടന്നുപോയിരുന്നു. ഡിസംബര്‍, ജനുവരി മാസം കടുവകളുടെ പ്രജനനകാലമാണ്. ടെറിട്ടറികള്‍ ഭേദിച്ച് പുറത്തിറങ്ങുന്ന കടുവകള്‍ കൂടുതല്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചേക്കാം. കടുവകള്‍ ഇറങ്ങാന്‍ സാധ്യതയുള്ള വനാതിര്‍ത്തികളില്‍ വനംവകുപ്പിന്‍റെ ജാഗ്രത കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.