‘എന്‍റെ മോള്‍ നഷ്ടപ്പെട്ടു, ഇനി എന്ത് കിട്ടിയിട്ട് കാര്യം. അഞ്ചുവര്‍ഷമായി അവള്‍ക്ക് അവര്‍ ശമ്പളം കൊടുത്തില്ലാ, പലപ്പോഴും മോള്‍ കരയുകയായിരുന്നു, ഞങ്ങള്‍ക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു, എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്, സാധാരണ കുടുംബമാണ് ഞങ്ങളുടേത് ’ നെഞ്ചുപൊട്ടി വിങ്ങുകയാണ് മകളുടെ വിയോഗത്തില്‍ താമരശ്ശേരി കോടഞ്ചേരിയിൽ ആ പിതാവ്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയാണ് കഴിഞ്ഞ ദിവസം അഞ്ചുവര്‍ഷമായി ശമ്പളമില്ലാത്തതിന്‍റെ പേരില്‍ ജീവനൊടുക്കിയത്.
കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും ബെന്നി പറഞ്ഞു.