കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ 'ശുദ്ധികലശ'ത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി നൽകിയ പരാതിയിൽ പത്ത് യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങരോത്ത് പഞ്ചായത്തിലെ 20 വാർഡുകളിൽ 19 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ നടന്ന വിജയാഘോഷത്തിനിടയിലാണ് പഞ്ചായത്ത് ഓഫീസ് പരിസരം ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുന്ന 'ശുദ്ധികലശം' യുഡിഎഫ് പ്രവർത്തകർ നടത്തിയത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സമീപത്തുള്ള മറ്റ് പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചെങ്കിലും അവിടെയൊന്നും ഇത്തരമൊരു കൃത്യം ചെയ്തിട്ടില്ല. ചങ്ങരോത്ത് മാത്രം ഇത് നടത്തിയത് ബോധപൂർവമാണെന്ന് സി.പി.എമ്മും ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങളെ യുഡിഎഫ് തള്ളിക്കളഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ അഴിമതിയും ദുർഭരണവും ഇല്ലാതാക്കി പഞ്ചായത്തിനെ ശുദ്ധീകരിക്കുന്നു എന്ന പ്രതീകാത്മകമായ അർത്ഥത്തിലാണ് ഇത് ചെയ്തതെന്നാണ് യുഡിഎഫ് വാദം. യുഡിഎഫിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് ഉണ്ണി വെങ്ങേരിയുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.