കോഴിക്കോട് പയ്യോളിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ചുപൂട്ടി. ഷെറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പഴകിയ 3,000 കിലോ ബ്രഡ് ക്രംസ്, 500 കിലോ ചപ്പാത്തി എന്നിവയാണ് പിടികൂടിയത്.
ബ്രഡ് ക്രംസ്, ചപ്പാത്തി, റസ്ക് എന്നിവ പൊടിച്ച് സൂക്ഷിച്ച് എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായി വിതരണം ചെയ്യുന്ന സ്ഥാപനമാണ് പയ്യോളിയിലെ ഷെറിന്‍ ഫുഡ്സ്. ഇവിടെ നിന്നാണ് പഴകിയതും പൂപ്പല്‍ ബാധിച്ചതുമായി ചപ്പാത്തിയും ബ്രഡ് ക്രംസ് അടക്കമുള്ള ഭക്ഷ്യവസ്തുകള്‍ കണ്ടെത്തിയത്. കാലിത്തീറ്റ നിര്‍മിക്കാനെന്ന പേരില്‍ കടക്കാരില്‍ നിന്ന് സ്ഥാപനയുടമ ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഉത്പന്നങ്ങള്‍ കണ്ടെത്തിയത്
നോമ്പുകാലം ലക്ഷ്യം വെച്ചായിരുന്നു ഭക്ഷ്യവസ്തുകളുടെ നിര്‍മാണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. പിടികൂടിയ ഉത്പന്നങ്ങളുടെ പരിശോധനാഫലം വന്നാലുടന്‍ കൂടുതല്‍ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ തീരുമാനം.