govindan-vd

ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. 

ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. 

Also Read: പാര്‍ട്ടി ലൈനില്‍ തരൂര്‍; നിയമസഭ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്


അതേസമയം, അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം.  എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. സിപിഎം - ബിജെപി ക്യാംപിൽ നിന്ന് നേതാക്കൾ യുഡിഎഫിലേക്ക് എത്തുന്നത് ഉൾപ്പെടെയുള്ള വിസ്മയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പ്രതീക്ഷിക്കാമെന്ന് വി.ഡി.സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിന് 90 സീറ്റിൽ അധികം കിട്ടുമെന്ന സർവേ റിപ്പോർട്ട് ആണ് സുനിൽ കനുഗോലു അവതരിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാകും തന്ത്രങ്ങൾ. ഈ മാസം അവസാനം തന്നെ സ്ഥാനാർഥി നിർണയത്തിന് അന്തിമ രൂപം നൽകും. ഏറ്റവും ആദ്യം പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങും. ആവശ്യമുള്ള ഇടത്ത് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കും. സമഗ്ര വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്ന നിർദേശവും ക്യാംപിൽ ഉയർന്നു.

ENGLISH SUMMARY:

Kerala Politics: CPM State Secretary MV Govindan criticizes Congress's claim of winning 100 seats in the upcoming elections. He asserts that the Left Democratic Front (LDF) will secure a majority for the third consecutive term, regardless of any political disruptions.