congress-leaders-tharoor-2

ലൈൻ തെറ്റി നിന്ന ശശി തരൂരിനെയും പാർട്ടി ലൈനിലെത്തിച്ച് നിയമസഭ പിടിക്കാൻ കോൺഗ്രസ്. ബത്തേരിയിൽ നടന്ന ക്യാംപിലാണ് ഏറെ നാളായി മോദി അനുകൂല നിലപാടെടുത്ത ശശി തരൂരും  കോൺഗ്രസ് നേതൃത്വവും  തമ്മിൽ മഞ്ഞുരുകിയത്. സിപിഎമ്മിനും ബി‌ജെപി ക്കുമെതിരെ സമരം ശക്തമാക്കാനും ബത്തേരി ക്യാംപ് തീരുമാനിച്ചു. സ്വർണക്കൊള്ളയിൽ 23 ന് നിയമസഭ മാർച്ചും ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ്  കേരള യാത്ര നടക്കുമെന്നും ക്യാംപിൽ അവതരിപ്പിച്ച മാർഗരേഖ വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുമെന്ന് വി.ഡ‍ി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ്  ഇടത്–ബിജെപി നേതാക്കള്‍ യുഡിഎഫിന് ഒപ്പംചേരുമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള മഞ്ഞുരുകുന്നു. വയനാട് കോണ്‍ഗ്രസ് ക്യാംപില്‍ സജീവമായി ശശി തരൂര്‍. നേതാക്കളുമൊത്ത് തരൂരിന്‍റെ ഫോട്ടോസെഷനും നടന്നു. തരൂരിന്‍റെ ബിജെപി അനുകൂല നിലപാട് നേരത്തെ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. 

അടിസ്ഥാനപരമായി പാര്‍ട്ടിയും ഞാനും പറയുന്നത് ഒന്നാണെന്നും 17 വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഒരു തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയുന്നതും എഴുതുന്നതും നിരീക്ഷിച്ചാല്‍ തെറ്റിദ്ധാരണ മാറുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മൂന്ന് എംപിമാര്‍ക്ക് മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല, പാര്‍ട്ടി തീരുമാനിക്കട്ടെ. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇത്തവണ ഗ്രൂപ്പ് അതിപ്രസരം ഉണ്ടാകില്ലെന്ന് ബെന്നി ബഹനാന്‍ എം.പി. എം.പിമാര്‍ മല്‍സരിക്കേണ്ടെന്നാണ് വ്യക്തിപരമായ നിലപാടെന്നും ബെന്നി ബഹനാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എംപിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ എഐസിസി ആണ് തീരുമാനം എടുക്കേണ്ടതെന്ന് അടൂര്‍ പ്രകാശ്. വ്യക്തിപരമായ നിലപാട് പറയാനില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ENGLISH SUMMARY:

Congress has aligned Shashi Tharoor firmly with the party line as part of its strategy to regain power in the Kerala Assembly. The reconciliation took place during the Bathery camp, where the leadership decided to intensify protests against the CPI(M) and the BJP. The party announced an Assembly march linked to the gold smuggling case and a UDF Kerala Yatra in February. Leader of the Opposition V.D. Satheesan expressed confidence of winning 100 seats in the upcoming elections. Shashi Tharoor clarified that there is no fundamental difference between his views and the party’s stand. Congress leaders also indicated that candidate selection would be handled carefully, with the AICC taking key decisions.