സിപിഎമ്മിൽ പിണറായിസം ശക്തിപ്പെടുന്നുവെന്നാരോപിച്ച് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാര്‍ട്ടി വിട്ടു. വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം ശക്തിപ്പെടുന്നുവെന്നും പാർട്ടി നേതൃത്വം പിണറായി വിജയനെ ചുറ്റിപ്പറ്റിയുള്ള ഉപഗ്രഹങ്ങളായി മാറിയെന്നും ആരോപിച്ചാണ് എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടത്. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാർ ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല. Also Read: യാത്രയാക്കാന്‍ വന്ദേഭാരതില്‍ കയറി; വാതിലടഞ്ഞു; കുടുംബത്തിന് 36,140 രൂപ പിഴ!
പാർട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനങ്ങളാണ് വിനയകുമാർ ഉന്നയിച്ചത്. 'പാർട്ടി എന്നാൽ പിണറായി' എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. നേതൃത്വം പിണറായിയെ ചുറ്റിപ്പറ്റിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായി തനിക്ക് നേതൃത്വം ദ്രോഹം ചെയ്തതായും വിനയകുമാർ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനോട് പാർട്ടി കടുത്ത അനീതിയും നന്ദികേടുമാണ് കാണിച്ചതെന്നും അദ്ദേഹത്തിന് അർഹിച്ച പരിഗണന നൽകിയില്ലെന്നും വിനയകുമാർ കുറ്റപ്പെടുത്തി. കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ സ്വീകരിച്ച നിലപാടല്ല മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണം വരുമ്പോൾ പാർട്ടി സ്വീകരിക്കുന്നതെന്നും വിനയകുമാര്‍ വിമർശിച്ചു. ഈ ഇരട്ടത്താപ്പും പാർട്ടിയിലെ വ്യക്തികേന്ദ്രീകരണവുമാണ് അംഗത്വം പുതുക്കാതിരിക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സി.പി.എം നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി രാജഗോപാലിന്‍റെ മകന്‍ കൂടിയാണ് വിനയകുമാര്‍. കെല്‍പാം എം.ഡിയായിരിക്കെ അഴിമതി ആരോപണത്തെ തുടര്‍ന്ന് വിനയകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് വിവാദമായിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനല്ല താൻ സിപിഎം വിട്ടതെന്നും പാർട്ടിക്കുള്ളിൽ തിരുത്തൽ അനിവാര്യമാണെന്നും വിനയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.