പ്രതീകാത്മക ചിത്രം
ബന്ധുക്കളെ യാത്രയാക്കാന്‍ വന്ദേഭാരത് എക്സ്പ്രസിൽ കയറിയ കുടുംബത്തിന് 36,140 രൂപയുടെ പിഴ. വാരണാസി- ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിനുള്ളില്‍ കയറിയ ഒരു കുട്ടി അടക്കമുള്ള 13 അംഗ സംഘത്തിന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വന്ദേഭാരത് ട്രെയിനുകളിൽ നടപ്പാക്കിയ ഓട്ടോമാറ്റിക് ഡോർ സംവിധാനമാണ് വിനയായത്. തുടര്‍ന്നാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇവരില്‍ നിന്നും റെയിൽവേ 36,140 രൂപ പിഴ ഈടാക്കിയത്.
വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22415) നവംബർ 15 ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിനുള്ളിൽ പ്രവേശിച്ച കുടുംബത്തിന് ട്രെയിൻ മുന്നോട്ട് നീങ്ങുകയും ഓട്ടോമാറ്റിക് വാതിലുകൾ അടയുകയും ചെയ്തതോടെ പുറത്തിറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് അടുത്ത സ്റ്റേഷന് എത്തുന്നതുവരെ ഇവർക്ക് ട്രെയിനിനുള്ളിൽ തന്നെ തുടരേണ്ടി വന്നു.
ട്രെയിൻ പുറപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കിയ സംഘം ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനുശേഷം ഇവരില്‍ ചിലർ ചെയിൻ വലിക്കാനും ശ്രമിച്ചു. യാത്രാ ടിക്കറ്റുകളോ പ്ലാറ്റ്ഫോം ടിക്കറ്റുകളോ ഇല്ലാതെയാണ് സംഘം ട്രെയിനില്‍ കയറിയത്. മാത്രമല്ല ട്രെയിനില്‍ കുടുങ്ങിയ വെപ്രാളത്തില്‍ കോച്ചില്‍ ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഓരോരുത്തർക്കും 3,000 രൂപ വീതം റെയില്‍വേ പിഴ ഈടാക്കിയത്. ഒടുവില്‍ കാൺപൂരിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ഇറ്റാവ ജംക്ഷനിലാണ് 13 അംഗ സംഘത്തിന് ഇറങ്ങാനായത്.
സംഭവത്തെത്തുടർന്ന് ആളുകളെ യാത്ര അയക്കാന്‍ വരുന്നവര്‍ യാത്രാ ടിക്കറ്റുകൾ ഇല്ലാതെ ട്രെയിനിലോ, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാതെ പ്ലാറ്റ്ഫോമിലോ പ്രവേശിക്കരുതെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് വന്ദേഭാരത് ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസിങ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളതെന്നും ട്രെയിനുകളുടെ സമയക്രമവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. അനധികൃതമായി ട്രെയിനിൽ പ്രവേശിക്കുന്നവർക്കെതിരെ കര്‍ശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.