സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ 99,760 രൂപയിലാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണം ഒരു ലക്ഷത്തിന് താഴെ എത്തുന്നതിന്റെ സൂചനകളുണ്ടായിരുന്നു. രാജ്യാന്തര വിലയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര സ്വര്‍ണ വില ഔൺസിന് 4000 ഡോളറിന് താഴെ തുടരുന്നതാണ് ഈ വിലയിടിവിനു കാരണം. ഇന്നലെ ഔൺസിന് 3857.50 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം പിന്നീട് 3879 ഡോളറിലേക്ക് കയറിയിരുന്നു. എന്നാല്‍ വീണ്ടും ഇടിയുകയായിരുന്നു. ഇന്ന് 3866 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണ വില. അതേസമയം, ഇടിവ് തുടര്‍ന്ന് 3500 ഡോളർ വരെ താഴ്ന്നാല്‍ പവന്റെ വില 95,000 രൂപയിലേക്കു താഴും. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷയും ഡോളറും ബോണ്ട് യീല്‍ഡും ഉയരുന്നതുമാണ് ഇതിനു കാരണം.
ഡോളർ കരുത്താർജിച്ചതും ഉയർന്ന ട്രഷറി യീൽഡും സമ്മർദ്ദം ചെലുത്തുന്നത് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവുണ്ടായത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. ഇതോടെ സ്വര്‍ണം വിറ്റ് ബോണ്ടിലും ഡോളറിലും നിക്ഷേപിക്കുന്നതാണ് സ്വര്‍ണ വില ഇടിക്കുന്നത്.
അതേസമയം, വിലക്കുറവ് മുതലെടുത്തുള്ള വാങ്ങൽ കൂടാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ വലിയൊരു തകര്‍ച്ച ഉണ്ടാവില്ല എന്നാണ് കരുതുന്നത്. ഇന്ത്യയിലെ വിവാഹ ആവശ്യകതയും കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ വാങ്ങലുകളും ഇടിവിനെ പരിമിതപ്പെടുത്തിയേക്കാം. എങ്കിലും കല്യാണ സീസണില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില.
ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയയായിരുന്നു വില. പിന്നീട് മാർച്ച് 23നാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. ഒരു ലക്ഷത്തില്‍ നിന്ന് താഴ്ന്ന സ്വര്‍ണം അന്ന് പവന് 99,480 രൂപയെന്ന നിലയിലേക്കാണ് ഇടിഞ്ഞത്.