ശബരിമല തീർഥാടക വാഹനങ്ങളുടെ പെർമിറ്റ് പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കം. കാസര്‍കോട് തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കാനാണ് ആലോചന. ഇതിനായി കേരള മോട്ടോർ വാഹന വകുപ്പ് കർണാടക സർക്കാരിന്റെ അനുമതി തേടി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങൾ ദീർഘനാളായി ഒരു കീറാമുട്ടിയാണ്. ഏറെനാളത്തെ മുറവിളിക്കൊടുവില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. Also Read: ശബരിമല മണ്ഡലകാല പൂജകള്‍ക്ക് തുടക്കം; സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം
മഞ്ചേശ്വരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന പരിശോധനാ ചെക്ക് പോസ്റ്റ് ഇല്ലാത്തത് കർണാടകയിൽ നിന്നെത്തുന്ന തീർഥാടകരെ വലയ്ക്കുകയാണ്. നിലവിലുള്ള ചെക്ക് പോസ്റ്റിലെ ജീവനക്കാർ വൈകിട്ട് അഞ്ചോടെ മടങ്ങുന്നതിനാൽ രാത്രിയിലെത്തുന്ന വാഹനങ്ങൾക്ക് പരിശോധനയും പെർമിറ്റ് നടപടികളും പൂര്‍ത്തിയാക്കി യാത്ര തുടരനാകില്ല. അതിനാല്‍ മണിക്കൂറുകള്‍ അതിര്‍ത്തിയില്‍ വെറുതെ ചിലവിടേണ്ടി വരുന്നു. ഓൺലൈൻ വഴി നടക്കേണ്ട പെർമിറ്റ് വിതരണം പോർട്ടലിലെ സാങ്കേതിക തടസ്സങ്ങൾ കാരണം പലപ്പോഴും തടസപ്പെടുകയാണ്.
ഇതോടെ പെർമിറ്റില്ലാതെ കേരളത്തിലെത്തുന്ന കർണാടക വാഹനങ്ങൾക്ക് പിഴയൊടുക്കേണ്ട സ്ഥിതി വരും. ഇതിന് പരിഹാരമായാണ് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ താൽക്കാലിക വാഹന പരിശോധനാ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുള്ള നീക്കം. ഇതിന് കർണാടക സർക്കാരിന്റെ അനുമതി കേരളം തേടിയിട്ടുണ്ട്. ചെക്ക് പോസ്റ്റ് സ്ഥാപിച്ചാൽ അതിർത്തിയിൽ തന്നെ വാഹനങ്ങൾ പരിശോധിച്ച് ഉടൻ പെർമിറ്റ് അനുവദിക്കാനാകും. നടപടികള്‍ വേഗത്തിലായാല്‍ അയ്യപ്പന്മാര്ക്ക് വലിയ ആശ്വാസമാകും.