യുഎസ് ബാങ്കുകളില്‍ സാങ്കേതികത്തകരാര്‍ കാരണം ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്ക് ഓഫ് അമേരിക്ക, യുഎസ് ബാങ്ക്, ജെ.പി.മോര്‍ഗന്‍ തുടങ്ങി വിവിധ മുൻനിര ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ ഓൺലൈനായി ആക്സസ് ചെയ്യാനോ പണമിടപാടുകൾ നടത്താനോ സാധിക്കാത്ത നിലയിലായിരുന്നു. സാങ്കേതിക തകരാർമൂലം മൈക്രോസോഫ്റ്റ് സേവനങ്ങൾ സ്തംഭിച്ചതിന് പിന്നാലെയാണ് ബാങ്കുകളുടെ സേവനം തടസപ്പെടുന്നത്. മാത്രമല്ല എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ശനിയാഴ്ച യുഎസ് എല്ലാ വിമാനങ്ങളെയും നിലത്തിറക്കുകയും ചെയ്തിരുന്നു.

അതേസമയം, ഓണ്‍ലൈന്‍ ബാങ്ക് സേവനങ്ങള്‍ തടസപ്പെട്ടതിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും സാങ്കേതികത്തകരാറാണ് കാരണമെന്നുമാണ് യുഎസ് അധികൃതരുടെ വിശദീകരണം. അക്കൗണ്ടുകളിലെ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഇടപാടുകൾ പൂർത്തിയാക്കാൻ ചില സാങ്കേതിക തടസ്സങ്ങൾ മാത്രമാണ് നേരിടുന്നതെന്നും ചേസ് ബാങ്ക് അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയോടെയാണ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടതായി വ്യാപക പരാതികൾ ഉയര്‍ന്നത്.

ജെപി മോർഗൻ ചേസ് ബാങ്കിനെയാണ് തടസം ഏറ്റവും കൂടുതൽ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അയ്യായിരത്തോളം ഉപഭോക്താക്കളാണ് സേവനങ്ങൾ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്. അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ, പണം അയക്കാനോ, വെബ്സൈറ്റ് വഴി ലോഗിൻ ചെയ്യാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിൽ സാങ്കേതിക തടസ്സങ്ങൾ ആവർത്തിക്കുന്നത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റ് സേവനങ്ങളിലും എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബാങ്കിങ് മേഖലയിലും സാങ്കേതിക പിഴവുകൾ റിപ്പോർട്ട് ചെയ്തത്. സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകളും.

ബാങ്കുകളെ കൂടാതെ യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സിലും സാങ്കേതികത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനങ്ങള്‍ വൈകിയെങ്കിലും പ്രശ്നം മൂന്ന് മണിക്കൂറുകള്‍ക്കകം പരിഹരിച്ചെന്ന് ‌ യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. സൈബർ സുരക്ഷാ പ്രശ്നമല്ല ഉണ്ടായതെന്നും എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Major US financial institutions including Bank of America, US Bank, and JP Morgan experienced severe online banking service disruptions on Monday. Customers reported being unable to access their accounts, check balances, or conduct digital transactions due to the unexpected technical failure. US authorities and bank officials clarified that the outage was caused by a technical glitch rather than a cyberattack, ensuring all customer funds remain secure.