ശബരിമലയിൽ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കി തിരുപ്പതി മാതൃകയിലുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശബരിമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read: ‘വന്‍കിട നഗരങ്ങളെക്കാൾ മികച്ച ജീവിതം’; തിരുവനന്തപുരത്ത് ജീവിതച്ചിലവ് കുറവ്; നംബിയോയുടെ കണക്കുകള്‍
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയ ഇടത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരിക്കുന്നത്. ഡൊമസ്റ്റിക് ടെർമിനലിന് സമീപം പോലീസ് എയ്ഡ് പോസ്റ്റിനടുത്താണ് സംവിധാനം ഒരുക്കിയത്. 24 മണിക്കൂറും തീർഥാടകർക്ക് ഇവിടെ സേവനം ലഭ്യമാകും.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്കും തിരിച്ചും കെഎസ്ആർടിസി ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ബുക്കിങ് കൗണ്ടറും സജ്ജീകരിച്ചു. ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിങ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഇടത്താവളത്തിലുണ്ടാകും. വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ അറിയാൻ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ നിലവിലെ ക്രമീകരണങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വെർച്വൽ ക്യൂ സംവിധാനത്തിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. കൂടുതൽ ഭക്തർ എത്തിയാൽ ബുക്കിങ് വർധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി സന്നിധാനത്ത് വ്യക്തമാക്കി.
ശബരിമലയിലെ ഡോളി സംവിധാനം പ്രീപെയ്ഡ് ആക്കിയതിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ആരോപിച്ചു. പ്രീപെയ്ഡ് സംവിധാനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇന്നുമുതൽ അന്നദാന മണ്ഡപത്തിൽ ഇലയിട്ട് കേരളീയ സദ്യ വിളമ്പുമെന്നും കെ. ജയകുമാർ അറിയിച്ചു.