• തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരമധ്യത്തിലുള്ള ഡി.സി.സി ഓഫീസിന്‍റെ ജനൽച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ  ആക്രമണം. തിരുവനന്തപുരം നഗരമധ്യത്തിലുള്ള ഡി.സി.സി ഓഫീസിന്‍റെ ജനൽച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.  ഓഫീസിനുള്ളിൽ കല്ലുകളും കണ്ടെത്തി. രാവിലെ പ്രവർത്തകർ എത്തിയപ്പോഴാണ് ആക്രമണവിവരം ശ്രദ്ധയിൽപ്പെട്ടത്. രാത്രി 12 മണിക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓഫീസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. Also Read: സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതിമാരുടെ വീട്ടില്‍ റെയ്ഡ്; 80 ലക്ഷവും 48 ആഡംബര വാച്ചുകളും പിടിച്ചെടുത്ത് പൊലീസ്


ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  സണ്ണി ജോസഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ബി.ജെ.പി–കോൺഗ്രസ് സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഡി.സി.സി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായതിന് പിന്നാലെ മന്ത്രിമാർക്കെതിരെ യുവമോർച്ച പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നെയ്യാറ്റിൻകരയിലും സംഘർഷമുണ്ടായത്. ഇതിന്‍റെ തുടർച്ചയായാണോ ഡി.സി.സി ഓഫീസിന് നേരെയുള്ള ആക്രമണമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പ്രദേശത്തെ ബി.ജെ.പി കൊടിതോരണങ്ങൾ  നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

നെയ്യാറ്റിൻകരയ്ക്ക് സമീപം ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലെക്സ് ബോർഡുകൾ തീയിട്ട് നശിപ്പിച്ചതായാണ് വിവരം. സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Congress offices, including the District Congress Committee (DCC) office, were attacked in Thiruvananthapuram. The windowpanes of the DCC office in the heart of the city were smashed in a stone-pelting attack. Stones were found inside the office as well. Party workers noticed the damage when they arrived in the morning.