• രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ശരത് പവാറും പി.എ. സാങ്മയും അടക്കമുള്ളവർ തന്റെ വിദേശബന്ധം ഉന്നയിച്ച് ഇന്ത്യയോടുള്ള കൂറ് ചോദ്യം ചെയ്തത് വല്ലാതെ വേദനിപ്പിച്ചെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യയോടുള്ള തന്‍റെ കൂറ് പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെട്ട സംഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്ന് സോണിയ ഗാന്ധി. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും ഉടൻ പുറത്തിറങ്ങുന്ന ആത്മകഥ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചും ‘ദ് ഹിന്ദു’ ദിനപത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സോണിയ ഗാന്ധി മനസുതുറന്നത്. പാര്‍ട്ടി അധ്യക്ഷയായി എത്തിയ കാലത്തെ പറ്റിയും പ്രധാനമന്ത്രി പദം നിരസിച്ചതിനെ പറ്റിയും സോണിയ ഗാന്ധി സംസാരിക്കുന്നുണ്ട്. 

Also Read: 'അടിയന്തരാവസ്ഥ പ്രഖ്യാപിക്കരുതെന്ന് രാജീവ് അമ്മയോട് ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തി സോണിയ ഗാന്ധി

'കോണ്‍ഗ്രസ് നേതാക്കളായിരുന്ന ശരത് പവാര്‍, പിഎ സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ സോണിയയുടെ വിദേശബന്ധം ഉന്നയിക്കുകയും ഇന്ത്യയില്‍ ഉന്നത പദവി സ്വീകരിക്കാന്‍ കഴിയില്ലെന്നും വാദിച്ചു. കരഞ്ഞു കൊണ്ട് സോണിയ ആ യോഗത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് സ്ഥാനവും അധികാരവും നേടാനായിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചവരായിരുന്നു എനിക്കെതിരെ തിരിഞ്ഞത്. പദവികള്‍ വഹിക്കാന്‍ കഴിയാത്തതല്ല എന്നെ വേദനിപ്പിച്ചത്, പക്ഷേ രാജ്യത്തോടുള്ള എന്‍റെ കൂറ് ചോദ്യം ചെയ്യപ്പെട്ടതാണ്. ഈ സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെയ്ക്കുകയും പാര്‍ട്ടി നേതാക്കളുടെ നിര്‍ബന്ധത്തിനു ശേഷം തുടരുകയുമായിരുന്നു', ഈ സംഭവത്തെ പറ്റി സോണിയ വിശദീകരിച്ചു. 

'തീര്‍ച്ചയായും, വല്ലാതെ വേദനിച്ചു എന്നായിരുന്നു സോണിയയുടെ മറുപടി. അവരെന്റെ സഹപ്രവര്‍ത്തകരായിരുന്നു. ഞാന്‍ അവരെ വിശ്വസിച്ചിരുന്നു. പക്ഷേ അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നില്ല. അവരിപ്പോഴും എന്നെ ഒരു പുറംനാട്ടുകാരിയായാണ് കാണുന്നതെന്നത് ഞെട്ടലുണ്ടാക്കി. തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. എന്‍റെ രാഷ്ട്രീയ ജീവിതത്തിലെ തുടക്കകാലമായിരുന്നു. പ്രധാനമന്ത്രി പദത്തെ പറ്റിയുള്ള ചിന്തപോലും മനസിലുണ്ടായിരുന്നില്ല. ഞാന്‍ സ്ഥാനം രാജിവച്ചിരുന്നു. പക്ഷേ ആത്മപരിശോധനയ്ക്ക് ശേഷം വ്യക്തിപരമായ വികാരങ്ങള്‍ വലിയ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തിരിച്ചറിഞ്ഞു. എനിക്ക് പോരാട്ടം തുടരേണ്ടിയിരുന്നു' എന്നാണ് സോണിയ പറഞ്ഞത്. 

Also Read: രണ്ടാമത് ബാറ്റുചെയ്തിട്ടും ഇന്ത്യയുടെ ജയം 4 റണ്‍സിന്; എങ്ങനെ?

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ നയങ്ങളും തന്ത്രങ്ങളും വ്യത്യാസപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് ഒരുക്കലുമില്ലെന്നായിരുന്നു സോണിയയുടെ മറുപടി. 'ഇല്ല, ഒരിക്കലുമില്ല. അങ്ങനെയൊരു ചിന്ത എന്‍റെ മനസിലേക്ക് വന്നിട്ടില്ല. ഞങ്ങളുടെ അനുഭവം പോസ്റ്റീവായിരുന്നു. താന്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും അദ്ദേഹം (മന്‍മോഹന്‍ സിങ്) സര്‍ക്കാറിനെ നയിക്കുകയും ചെയ്തു. ഞങ്ങളൊരു ടീമായി വ്യക്തമായ ചുമതലകളോടെയാണ് പ്രവര്‍ത്തിച്ചത്' എന്നാണ് സോണിയ പറഞ്ഞത്. 

രാജീവില്‍ നിന്നും ഇന്ദിരയില്‍ നിന്നും പഠിച്ച പാഠങ്ങളെ പറ്റിയും സോണിയ സംസാരിച്ചു. 'നവവധുവായി ഇന്ത്യയിലേക്ക് എത്തുമ്പോള്‍ എനിക്ക് ഇന്ത്യയെ പറ്റി ഒന്നുമറിയില്ലായിരുന്നു. എനിക്ക് ഇന്നറിയാവുന്നതെല്ലാം അവരില്‍ നിന്നും പഠിച്ചതാണ്. അവരുടെ ധൈര്യം, അനുകമ്പ, ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയോടുള്ള സമര്‍പ്പണം അങ്ങനെയെല്ലാം എന്നെ പ്രതിസന്ധി ഘട്ടത്തില്‍ പ്രചോദിപ്പിക്കുകയും ഉറച്ചു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്തു' എന്നും സോണിയ പറഞ്ഞു. 

ENGLISH SUMMARY:

Senior Congress leader Sonia Gandhi has opened up about the deep emotional trauma she experienced when her loyalty to India was questioned by party colleagues during the early days of her political career. In a special interview with 'The Hindu' ahead of her upcoming memoir 'Belonging: A Journey of Love', she reflected on past controversies, including the rebellion by Sharad Pawar, P.A. Sangma, and Tariq Anwar over her foreign origin. Gandhi also dismissed speculation about her declining the prime ministership in 2004, highlighting her effective teamwork with former Prime Minister Manmohan Singh. Furthermore, she credited Indira Gandhi and Rajiv Gandhi for shaping her political resilience and deep commitment to a secular, democratic India.