പാളയം പ്രദീപ്, രമ്യ ഹരിദാസ്
രമ്യ ഹരിദാസിന്റെ സമ്മർദ്ദത്തിനു വഴങ്ങി പാളയം പ്രദീപിനെതിരായ സസ്പെൻഷൻ നടപടി കെപിസിസി പിൻവലിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷം. മതിയായ കൂടിയാലോചന നടത്താതെയാണ് നേതൃത്വം തീരുമാനമെടുത്തതെന്നാണ് വിമർശനം. അതേസമയം ഇരുവിഭാഗങ്ങൾക്കും ഇടയിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയാണ് നടപടി പിൻവലിച്ചത് എന്നാണ് കെപിസിസിയുടെ വിശദീകരണം.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു കോൺഗ്രസിനെ ആകെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളി. പ്രാദേശിക നേതാവായ സജാദിന്റെയും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെയും നേതൃത്വത്തിൽ തന്നെ മർദിച്ചു എന്നാണ് രമ്യ ആദ്യം പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ രമ്യയുടെ വാദങ്ങൾ പൊളിഞ്ഞു. രമ്യ സജിത്തിനെ കയ്യേറ്റം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രമ്യയുടെ ഔദ്യോഗിക പരിപാടികളിൽ പാളയം പ്രദീപ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. പാളയം പ്രദീപ് തന്റെ പഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് രമ്യ അവകാശപ്പെട്ടെങ്കിലും അല്ലെന്ന് തെളിയിക്കുന്ന നിയമസഭാ രേഖകൾ പുറത്തുവന്നതോടെ പാർട്ടിയും പ്രതിരോധത്തിലായി.
ഇതിന് പിന്നാലെയാണ് സെപ്റ്റംബർ അഞ്ചിന് പാളയം പ്രദീപിനെയും സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തത്. രമ്യയുടെ ഭാഗത്തും ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസ്സൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയതോടെ രമ്യ ഹരിദാസിനെയും സജിത്ത് മുട്ടപ്പലത്തിനെയും അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടി താക്കീത് ചെയ്തു.
ഇതിനിടെ, നടപടിക്ക് വിധേയനായി നിൽക്കുന്ന, പാളയം പ്രദീപിനെ വളഞ്ഞ വഴിയിൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ നിയമസഭയ്ക്ക് നൽകിയ കത്തും വിവാദമായിരുന്നു. മുൻകാല തീയതി രേഖപ്പെടുത്തി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച്, രമ്യ നൽകിയ കത്ത് സ്പീക്കര്‍ ഇടപെട്ടതോടെ പിന്‍വലിക്കേണ്ടി വന്നു.
ചിറയിൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.വിൻസന്റ്, നെയ്യാറ്റിൻകര സനൽ, പാലോട് രവി, കെ. ശബരീനാഥൻ എന്നിവർ ഉൾപ്പെട്ട നാലംഗ സമിതിയെ കെപിസിസി നിയോഗിച്ചെങ്കിലും അതിനോട് സഹകരിക്കാൻ രമ്യ തയ്യാറായിരുന്നില്ല. പാർട്ടിയിൽ താൻ കെപിസിസി ഉപാധ്യക്ഷയാണെന്നും പദവികൾ വച്ച് നോക്കുമ്പോൾ തന്റെ ഒപ്പമോ താഴെയോ നിൽക്കുന്ന നേതാക്കളുള്ള സമിതിക്ക് മുൻപാകെ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു രമ്യയുടെ നിലപാട്.
അതേസമയം, രണ്ടുമാസത്തിന് ഇപ്പുറം പാളയം പ്രദീപിനെതിരായ നടപടി പിൻവലിക്കേണ്ടി വന്നത് രമ്യയുടെ കടുത്ത സമ്മർദത്തിലാണ്. ഇരുകൂട്ടരും കേസുകൾ പരസ്പരം പിൻവലിക്കും എന്ന ധാരണയും പാലിക്കപ്പെട്ടില്ല. പാളയം പ്രദീപിനും രമ്യയ്ക്കും എതിരെ സജാദിന്റെ ഭാര്യ നൽകിയ പരാതി പാർട്ടി നിർദ്ദേശപ്രകാരം പിൻവലിച്ചിരുന്നു. എന്നാൽ സജാദിനും സജിത്തിനും 25 പ്രവർത്തകർക്കും എതിരെ രമ്യ നൽകിയ കേസ് നിലനിൽക്കുകയാണ്. ഇക്കാര്യത്തിലും കടുത്ത അമർഷം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്.