sonia-gandhi-indira-gandhi

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഇന്ദിരാ ഗാന്ധിക്കും പിന്നീട് അതേ തിരിച്ചറിവുണ്ടായെന്ന് വിശ്വസിക്കുന്നതായും സോണിയ പറഞ്ഞു. ആത്മകഥ ‘Belonging: A Journey of Love’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയന്’ സോണിയ ഗാന്ധി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളിൽ ഇന്ദിരാ ഗാന്ധി പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. മകൻ സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കു പിന്നാലെയുണ്ടായ പല നാശനഷ്ടങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കരുതെന്ന് മൂത്തമകൻ രാജീവ് ഗാന്ധി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഞ്ജയ് ഗാന്ധി പ്രഖ്യാപനത്തെ അനുകൂലിച്ചെന്നും സോണിയ വെളിപ്പെടുത്തി.

'മിസിസ് ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നു എന്നാണ് ഞാൻ എപ്പോഴും കരുതുന്നത്. പലരും ഇതുകേട്ട് ചിരിച്ചേക്കാം. എന്നാൽ അടിയന്തരാവസ്ഥയുടെ കാലത്ത് അവർക്ക് ഒരിക്കലും മനഃസമാധാനമുണ്ടായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം. ആ തീരുമാനം അവരുടെ മനസിൽ വലിയ ഭാരമായി നിലനിന്നിരുന്നു' എന്നായിരുന്നു സോണിയയുടെ പ്രതികരണം.

അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് രാജീവ് ഗാന്ധി ഇന്ദിര ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സോണിയയുടെ വെളിപ്പെടുത്തൽ. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു സഞ്ജയ് ഗാന്ധിയെന്നും സോണിയ വ്യക്തമാക്കി. അന്ന് കുടുബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ, പ്രതിപക്ഷം അമ്മയെ തകർക്കുമെന്നും അവരെ തടയണമെന്നും സഞ്ജയ് വാദിച്ചതായും സോണിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 

നെഹ്റു-ഗാന്ധി രാഷ്ട്രീയ കുടുംബത്തിലേക്കുള്ള കടന്നുവരവും, തന്റെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും വലിയ നഷ്ടങ്ങളും രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളികളും ആഴത്തിൽ തുറന്നുകാട്ടുന്നതാണ് 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്'. പ്രമുഖ പ്രസാധകരായ ആൽഫ്രഡ് എ ക്നോഫ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നവംബർ 10നാണ് പുസ്തകം പുറത്തിറങ്ങുന്നത്. 

ENGLISH SUMMARY:

Congress leader Sonia Gandhi has stated that declaring the Emergency was a wrong decision and that Indira Gandhi later realized the same. In her upcoming autobiography, Sonia reveals insights into the political turmoil, family dynamics, and the regrets surrounding that historical period.