Image Credit: PTI
ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 80 ലക്ഷം രൂപയും 52.60 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണങ്ങളും ആറു ലക്ഷത്തിലേറെ വിലവരുന്ന 48 വാച്ചുകളും വിജിലന്‍സ് പിടിച്ചെടുത്തു. പട്ന അഡീഷനല്‍ മജിസ്ട്രേറ്റ് (സപ്ലെ) രവീന്ദ്ര കുമാര്‍ ദിവാകര്‍, ഭാര്യ കുമാരി സ്വീറ്റി (സബ് റജിസ്ട്രാര്‍ ധനാപുര്‍) എന്നിവരുടെ പട്നയിലെയും ബെഗുസരായിലെയും വസതികളിലായിരുന്നു റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച പണവും ആഭരണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഏഴിടങ്ങളില്‍ ഇവര്‍ വീടും സ്ഥലവും വാങ്ങിയെന്നും ഇതില്‍ രണ്ട് ഫ്ലാറ്റുകള്‍ ധനപുരിലും മൂന്ന് സ്ഥലങ്ങള്‍ ഫുല്‍വാരിയിലും രണ്ട് വസ്തു ബെഗുസരായിയിലുമാണ്. 2.90 കോടിയാണ് ഈ വസ്തുക്കളുടെ മൂല്യമായി കണക്കാക്കുന്നതെന്നും വിജിലന്‍സ് സംഘം വെളിപ്പടുത്തി.
പട്നയിലെ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവോടെ വിജിലന്‍സിന്‍റെ നാല് സംഘങ്ങളാണ് റെയ്ഡ് നടത്താനെത്തിയത്. പട്നയിലെ ഫ്ലാറ്റില്‍ നിന്ന് മാത്രം 70.53 ലക്ഷം രൂപയും ബെഗുസരായിയിലെ വീട്ടില്‍ നിന്നും 9.44 ലക്ഷം രൂപയും കണ്ടെത്തി. 23.89 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം– വെള്ളി ആഭരണങ്ങളും 28.70 ലക്ഷം വിലമതിക്കുന്ന വജ്രാഭരണങ്ങളും രണ്ടിടങ്ങളില്‍ നിന്നുമായി കണ്ടെടുത്തു. ഇതിന് പുറമെയാണ് 48 ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.
2000ത്തില്‍ ടീച്ചറായാണ് ദിവാകര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. പിന്നാലെ ടെസ്റ്റുകളെഴുതി പ്രമോഷന്‍ കാലങ്ങളില്‍ ലഭിച്ച് 2025 ഒക്ടോബറില്‍ എഡിഎമ്മാകുകയായിരുന്നു. 2013 ബാച്ച് സബ് റജിസ്ട്രാറാണ് സ്വീറ്റി. 2013 മുതല്‍ 2017 വരെ ഇവര്‍ ടെഗ്രയിലും ഹവേലി ഖരഗ്പുരില്‍ 2021 വരെയും 2024 വരെ സക്രയിലും ജോലി ചെയ്ത ശേഷമാണ് ധനപുരിലേക്ക് എത്തിയത്.