കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ ഓഫിസില്‍ ഉപയോഗിക്കുന്ന ലാപ്ടോപ് ഇനി സ്വന്തമായെടുക്കാം. നാലു വര്‍ഷം ഉപയോഗിച്ച ലാപ്ടോപാണ് പണം നല്‍കാതെ സ്വന്തമാക്കാനുള്ള അവസരം വരുന്നത്. ഡിവൈസ് പര്‍ച്ചേസ് പോളിസി കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചതോടെയാണ് സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്കിയ ലാപ്ടോപ്, ടാബ്, സമാന ഉപകരണങ്ങള്‍ എന്നിവ നാലുവര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്വന്തമായെടുക്കാന്‍ അനുവാദം ലഭിക്കുക. പരമാവധി1.8 ലക്ഷം രൂപ വരെ വിലയും ടാക്സും വരുന്ന ഉപകരണങ്ങളാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ കഴിയുക. നിലവില്‍ ഈ പണത്തിന് മാക്ബുക് എയറും ആപ്പിളിന്റെ പ്രോ മോഡലുകളും വാങ്ങാന്‍ കഴിയും.
ഉപകരണത്തിലെ 40 ശതമാനം ഭാഗങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്മിച്ചതാവണമെന്നതാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വില വരുന്ന ഉപകരണം സ്വന്തമായെടുക്കുന്നതിനുള്ള നിബന്ധന. അല്ലാതെയുള്ള ഉപകരണങ്ങള്‍ ഒന്നര ലക്ഷം രൂപ വരെയുള്ളത് സ്വന്തമായി എടുക്കാം. ചൊവ്വാഴ്ചയാണ് ഡിപാര്‍ട്മെന്റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒരു ലക്ഷവും 1.3 ലക്ഷവുമാണ് നിലവിലെ പരിധി.
ഓഫിസ് ആവശ്യങ്ങള്‍ക്കായി ലാപ്ടോപുകള്, ടാബുകള്‍, നോട്ട്പാഡുകള്‍, അള്‍ട്രാബുക്കുകള്‍, നോട്ടുബുക്കുകള്‍ തുടങ്ങിയവ വാങ്ങാനാണ് മന്ത്രാലയത്തിന്റെ അനുമതിയുള്ളത്. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ആവില്ല.
ആര്‍ക്കൊക്കെ കിട്ടും?
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലാപ്ടോപ് ലഭിക്കില്ലെന്നതാണ് വസ്തുത. പേ ലെവല്‍ 12 ഉം അതിന് മുകളിലുമുള്ള ഓഫിസര്‍മാര്‍ക്കാണ് ലാപ്ടോപിന് അര്‍ഹത.പേ ലെവല്‍ എട്ട് മുതല്‍ 11 വരെയുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ആനുകൂല്യത്തില്‍ ലഭിക്കും. ഉപകരം ഓഫിസ് ജോലിക്ക് അത്യാവശ്യാണെന്ന് ഫിനാന്‍സ്യല്‍ അഡ്വൈസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മന്ത്രിക്കോ ബന്ധപ്പെട്ട വകുപ്പിനോ ഇത് 75 ശതമാനം വരെ വര്‍ധിപ്പിക്കാം.
നാല് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്വന്തമാക്കുന്ന ലാപ്ടോപ്, ടാബ്, മറ്റ് ഉപകരണങ്ങളില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളെല്ലാം നീക്കം ചെയ്ത ശേഷം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ. നാല് വര്‍ഷത്തിന് മുന്‍പ് വിരമിക്കുകയോ സര്‍ക്കാര്‍ സര്‍വീസ് ഉപേക്ഷിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഉപകരണങ്ങള്‍ മടക്കി നല്‍കേണ്ടതില്ല. ശേഷമുള്ള കാലാവധിയുടെ തുക മാത്രം നല്കി ലാപ്ടോപ് കൈവശം വയ്ക്കാം. വര്‍ഷം 25 ശതമാനമെന്ന നിലയിലാണ് തേയ്മാനച്ചെലവുകള്‍ കണക്കാക്കുന്നത്. ഉപകരണങ്ങളുടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കാനും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനുമായാണ് ഈ പരിഷ്കരണം എന്നാണ് റിപ്പോര്‍ട്ട്.