Image Credit: X

Image Credit: X

  • വിര്‍ജിനിയയിലെ മെഡിക്കല്‍ സെന്‍ററിലാണ് 28കാരിയായ മമത കാഫ്​ലെ ജോലി ചെയ്തിരുന്നത്. പിറ്റേന്ന് മമത എവിടെയെന്ന് പലരും അന്വേഷിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നും നരേഷിന്‍റെ മറുപടി. രാത്രി അത്താഴം കഴിക്കാന്‍ ഒന്നിച്ചുണ്ടായിരുന്നുവെന്നും പിന്നീട് താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു പൊലീസിന് ആദ്യം നല്‍കിയ മൊഴി

ഭാര്യയുടെ മൃതദേഹം വാളിന് അറുത്തു മുറിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. കേസില്‍ രണ്ട് വര്‍ഷം മുന്‍പാണ് നേപ്പാള്‍ വംശജനായ അമേരിക്കന്‍ പൗരന്‍ നരേഷ് ഭട്ടാണ് അറസ്റ്റിലായത്. ഭാര്യ മമത കാഫില്‍ ഭട്ടിന്‍റെ മൃതദേഹമാണ് നരേഷ് വെട്ടിനുറുക്കിയത്. മമത ജീവനൊടുക്കിയെന്നായിരുന്നു നരേഷിന്‍റെ വാദം. അബോധാവസ്ഥയില്‍ കിടന്ന ഭാര്യയെ എത്ര വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത വെപ്രാളത്തില്‍ വെട്ടി നുറുക്കി മൃതദേഹം മറവ് ചെയ്യാന്‍ നോക്കിയെന്നാണ് നരേഷ് മൊഴി നല്‍കിയിരുന്നത്. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും. മൃതദേഹം നശിപ്പിച്ച് തെളിവ് മറയ്ക്കാന്‍ ശ്രമിച്ചതിലും നരേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

2024 ജൂലൈ 29നായിരുന്നു സംഭവം നടന്നത്. രാത്രി എട്ടുമണിയോടെ കൈക്കുഞ്ഞുമായി താന്‍ ഉറങ്ങാന്‍ പോയെന്നാണ് നരേഷ് അവകാശപ്പെടുന്നത്. ഭാര്യ ആ സമയത്ത് മുകളിലെ കിടപ്പുമുറിയിലേക്ക് വന്നില്ല. പുലര്‍ച്ചെ നാലിന് താന്‍ ശുചിമുറിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ വീടിനുള്ളില്‍ നിന്നും അസ്വാഭാവികമായ ഒരു മണം വന്നുവെന്നും കിടപ്പുമുറിയില്‍ കയറി നോക്കിയപ്പോള്‍ മമത ബെഡില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നുവെന്നും ഗുളികകള്‍ ഛര്‍ദിച്ച നിലയിലായിരുന്നുവെന്നും നരേഷ് വിവരിക്കുന്നു. വിഷമായ സെല്‍ഫോസിന്റെ പൊട്ടിച്ച പാക്കറ്റ് താന്‍ കണ്ടെത്തിയെന്നും വായില്‍ നിന്നും ചോരയൊലിച്ചിരുന്നുവെന്നും നരേഷ് പറയുന്നു. ഒരു മണിക്കൂറോളം സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും അനക്കമില്ലെന്ന് ഉറപ്പിച്ചതോടെ ബോഡി ബാത്​റൂമിലേക്ക് കൊണ്ടുപോയെന്നും നരേഷ് അവകാശപ്പെട്ടു. 

വല്ലാത്ത ഭയം തന്നെ പിടികൂടിയെന്നും എന്ത് ചെയ്യണമെന്ന് മനസിലായില്ലെന്നും നരേഷ് മൊഴി നല്‍കിയിരുന്നു. ' എന്ത് ചെയ്യണമെന്ന് എനിക്ക് മനസിലായില്ല. ഫോണ്‍ വിളിക്കാമെന്നാലോചിച്ചു. പിന്നെ പേടിയായി. എന്തിനാണ് ഭയന്നതെന്ന് അറിയില്ല. ആകെ വെപ്രാളമായി. എങ്ങനെ പറയണമെന്ന് അറിയില്ല. അതുകൊണ്ടാണ് എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിക്കാതിരുന്നത്'- നരേഷ് കോടതിയില്‍ ബോധിപ്പിച്ചു. 

വിര്‍ജിനിയയിലെ മെഡിക്കല്‍ സെന്‍ററില്‍ നഴ്സായാണ് 28കാരിയായ മമത കാഫ്​ലെ ജോലി ചെയ്തിരുന്നത്. ജോലിക്കെത്താതിരുന്നതിനെ തുടര്‍ന്ന് മമത  എവിടെ എന്ന് ആശുപത്രി അധികൃതര്‍ അന്വേഷിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നും നരേഷിന്‍റെ മറുപടി. രാത്രി അത്താഴം കഴിക്കാന്‍ ഒന്നിച്ചുണ്ടായിരുന്നുവെന്നും പിന്നീട് താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു  പൊലീസിന് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ലെന്നും മകളുടെ പിറന്നാളിന് ദിവസങ്ങള്‍  മാത്രം ശേഷിക്കെ മമത ഒരിടത്തേക്കും ഇറങ്ങിപ്പോകില്ലെന്നും കുടുംബം പൊലീസിനെ അറിയിച്ചു. ഇതോടെ നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് നരേഷ് അറസ്റ്റിലായതും ക്രൂരകൃത്യം തെളി‍ഞ്ഞതും. 

മമതയുടെ മരണത്തിന് പിന്നാലെ ലാപ്ടോപില്‍ 'പങ്കാളി മരിച്ച് എത്ര നാളിനുള്ളില്‍ ഒരാള്‍ക്ക് പുനര്‍ വിവാഹം കഴിക്കാമെന്ന്' നരേഷ് തിരഞ്ഞിരുന്നതായി കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നരേഷ് കടയില്‍ നിന്ന് മൂന്ന് കത്തികളും ക്ലീനിങിനുള്ള സാമഗ്രികളും വാങ്ങിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.

ENGLISH SUMMARY:

A US court has found Nepalese-origin American citizen Naresh Bhatt guilty of dismembering his wife Mamta Kafle Bhatt's body and attempting to conceal the crime. Naresh, who was arrested in 2024, claimed that his wife had died by suicide and that he panicked after finding her unconscious, eventually cutting up her body to dispose of it. However, investigators uncovered evidence that led to his arrest, and the court also found him guilty of attempting to destroy evidence.