മുഖ്യമന്ത്രി വി.ഡി.സതീശനെ വിമര്‍ശിച്ച് കെ.ടി.ജലീലിന്‍റെ തുറന്ന കത്ത്. പിണറായി വിജയന്‍റെയും വി.ഡി.സതീശന്‍റെയും ഭരണത്തെ താരതമ്യം ചെയ്ത് തുടങ്ങുന്ന കത്തില്‍ വിവാദമായ ഹെലികോപ്റ്റര്‍ യാത്ര, കോഫി ഷോപ് ഉദ്ഘാടനം, വിരുന്നുസല്‍ക്കാരം തുടങ്ങിയ വിഷയങ്ങളില്‍ ഗുരുതര വിമര്‍ശനമുന്നയിക്കുന്നുണ്ട്.
കോവിഡ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ താന്‍ വിളിച്ചിരുന്നെന്നും, അപ്പോള്‍ത്തന്നെയോ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവിളിച്ചോ പിണറായി വിഷയങ്ങള്‍ വിലയിരുത്തി പ്രതികരിക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. അതിന്‍റെ പത്രക്കുറിപ്പും കൂട്ടിച്ചേര്‍ത്താണ് ജലീല്‍ സമൂഹമാധ്യമങ്ങളില്‍ കത്ത് പങ്കുവച്ചത്.
കത്തിന്‍റെ പൂര്‍ണരൂപം-‘പ്രിയപ്പെട്ട മുഖ്യമന്ത്രീ, താങ്കൾ പിണറായി വിജയനിൽ കണ്ട ഏറ്റവും വലിയ ഗുണം പിണറായിയെ എന്തൊരു കാര്യത്തിന് വിളിച്ചാലും അദ്ദേഹം ഫോണെടുക്കും, അപ്പോൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വൈകാതെ തിരിച്ചു വിളിക്കും. പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി ഉണ്ടാകും. 'യെസ്' അല്ലെങ്കിൽ 'നോ'. 'യെസ്' എന്നാണെങ്കിൽ അത് നടക്കും. 'നോ' എന്നാണെങ്കിൽ അതിന്‍റെ കാര്യകാരണങ്ങൾ പറയും. ആളുകളെ സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് പുറത്തുകൊട്ടി കുന്നോളം പ്രതീക്ഷ നൽകി ആരെയും പിണറായി പറഞ്ഞയക്കില്ല. പൊതുവേദിയിൽ ഒരിക്കലും അദ്ദേഹം നുണ പറയുകയുമില്ല.
എന്നാൽ പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് ഏത് നിക്ഷേപ പ്രഭുക്കളെ കാണാനാണ് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിയത്? എവിടെ വെച്ചാണ് നിങ്ങൾ അവരുമായി സംസാരിച്ചത്? ചർച്ച ഫലവത്തായോ? എത്ര കോടിയുടെ നിക്ഷേപമാണ് അവർ നടത്താൻ ഉദ്ദേശിക്കുന്നത്? ഏത് മേഖലയിലാണ് അവർ നിക്ഷേപിക്കുക? 8 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കെടുതികൾ അവലോകനം ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട സമയത്ത്, ഹെലികോപ്ടറിൽ പറന്നെത്തി അങ്ങോട്ട് ചെന്ന് കാണാൻ മാത്രം പ്രസക്തനായ ആ വ്യവസായ പ്രമുഖന്‍റെ പേരെന്താണ്? അല്ലെങ്കിൽ ബന്ധപ്പെട്ട കമ്പനി ഏതാണ്? വ്യക്തിപരമായ ബിസിനസ് കാര്യത്തിനാണ് താങ്കൾ സംസാരിച്ചതെങ്കിൽ താങ്കൾ പറയണ്ട. എന്നാൽ സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള കൂടിക്കാഴ്ചയാണ് നടന്നതെങ്കിൽ മുകളിലെ ചോദ്യങ്ങൾക്ക് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ.
ഒരു കളവ് മൂടിവെക്കാൻ നൂറു നുണകൾ അടുത്ത പത്രസമ്മേളനങ്ങളിൽ താങ്കൾക്കു പറയേണ്ടി വരും. താങ്കൾ കുറച്ചു കൂടി 'സീരിയസ്' ആവണം. കൊഞ്ചിക്കുഴഞ്ഞ വർത്തമാനങ്ങൾക്കും അടുക്കളയിൽ പോയി ചട്ടിയുടെ മൂടി തുറന്ന് കറിയുടെ സ്വാദ് നോക്കാനുമൊക്കെ നിയുക്ത കെ.പി.സി.സി പ്രസിഡണ്ടിനെ ചുമതപ്പെടുത്തിയാൽ പോരെ? അതിനൊന്നും താങ്കൾക്ക് കഴിയില്ല. വി.ഡി സതീശൻ അതൊക്കെ ചെയ്താൽ തനി ബോറാകും! ജ്വല്ലറി ഉൽഘാടനത്തിനും കോഫീ ഷോപ്പ് ഉൽഘാടനത്തിനുമെല്ലാം മുസ്‍ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനെ ഭാരമേൽപ്പിക്കുക. മറ്റുള്ളവരുടെ ചട്ടിയിൽ താങ്കൾ കയ്യിട്ട് വാരി അലമ്പാക്കുന്നത് എന്തിനാണ്? താങ്കൾ തന്നെ പറഞ്ഞ പോലെ വാക്കിന് സ്ഥിരതയുള്ള പിണറായി 10 കൊല്ലം ഇരുന്ന കസേരയിലല്ലേ താങ്കൾ ഇരിക്കുന്നത്?’