pinarayi-cpm

പാര്‍ട്ടിയിലെ തെറ്റായ നിലപാടുകള്‍ തിരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ സിപിഎമ്മിന്‍റെ വിശാല സംസ്ഥാന സമിതി നാളെ കോഴിക്കോട് . പിണറായി വിജയന്‍റെ ശൈലി തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെങ്കിലും ഇത് തുറന്ന് പറയാനോ തിരുത്തിയ്ക്കാനോ ഉള്ള ധൈര്യം ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും എം.വി.ഗോവിന്ദനെതിരെയും വിശാല സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയരാനാണ് സാധ്യത. 

പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഇഡി വേട്ടയാടുകയാണെന്ന നിലപാടിന് പരമാവധി പ്രചാരണം നല്‍കി പ്രതിരോധിക്കാനാകും പാര്‍ട്ടി നല്‍കുന്ന ആഹ്വാനം. ടി.വീണയെ ലക്ഷ്യം വയ്ക്കുന്നതിലൂടെ പിണറായിയെയും റിയാസിനെയും കുരുക്കിലാക്കാനാണ് ഇഡി നീക്കമെന്ന് സിപിഎം പറഞ്ഞുവയ്ക്കുന്നു. ചര്‍ച്ചകള്‍ ഇതിലേയ്ക്ക് മാത്രം ചുരുങ്ങാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ കേന്ദ്രകമ്മറ്റി നിര്‍ദേശിച്ച തിരുത്തല്‍ ഏതറ്റം വരെ പോകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പാര്‍ട്ടിയിലെ തെറ്റായ നിലപാടുകളും ശൈലികളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. ഇക്കാര്യങ്ങളിലെ വിമര്‍ശനങ്ങള്‍ പൊതുവില്‍ ഉയര്‍ന്നുവരുന്നതിന് ഉപരിയായി പിണറായി വിജയന്‍റെയും എം.വി.ഗോവിന്ദന്‍റെയും പേരെടുത്ത് വിമര്‍ശനം ഉണ്ടാകുമോ എന്നതാണ് ചോദ്യം. നേതൃമാറ്റം എന്ന നിലയിലേയ്ക്ക് ഒരു തരത്തിലും ചര്‍ച്ചകള്‍ കൊണ്ടുപോകാന്‍ സംസ്ഥാന നേതൃത്വം അനുവദിക്കില്ല. അതിന് പകരം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും അത് പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകാനുമാണ് സാധ്യത.

ENGLISH SUMMARY:

CPM Kerala is holding its state committee meeting in Kozhikode amidst strong demands to correct the party's flawed stands. The meeting is expected to see sharp criticism against Pinarayi Vijayan's style and MV Govindan, though leadership changes are unlikely.