മാസപ്പടി ഇടപാടിലെ ഇഡിയുടെ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാന്‍ തല്‍ക്കാലം സിപിഐ ഇല്ല. കേസുമായി ബന്ധപെട്ട കാര്യങ്ങൾ സിപിഎം - സിപിഐയെ ബോധ്യപ്പെടുത്താത്ത സാഹചര്യത്തിലാണ് സിപിഐ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ഇതോടെ പിണറായിക്കു എൽഡിഎഫിൽ സിപിഐ യുടെ പിൻതുണയില്ലെന്ന് ഉറപ്പായി.. Also Read: തെളിവായി വീണയുടെ വാട്സാപ് ചാറ്റുകള്‍; സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാട് വ്യക്തമെന്ന് ഇ.ഡി
ഇ.ഡി യുടെ കത്തിൽ സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങിയാൽ വീണ്ടും ചർച്ച ചെയ്ത് സിപിഐ നിലപാട് പറയും. ഇ.ഡി ദേശീയ തലത്തിൽ നടത്തുന്ന നീക്കങ്ങളുമായി ടി. വീണയുടെ കേസിനെ തല്‍ക്കാലം കൂട്ടി വായിക്കാനാവില്ല. അത് ഒരു കമ്പനിയുടെ കേസാണെന്നാണ് ബിനോയ് വിശ്വം സിപിഐ സെക്രട്ടേറിയറ്റിൽ പറഞ്ഞത്. സർക്കാരിനെതിരെ പ്രതിപക്ഷം നീങ്ങേണ്ട സമയത്ത് ഇ ഡി കേസ് മുന്നണിയെ ദുർബലമാക്കുന്നു എന്ന വികാരമാണ് എൽ ഡി എഫിലെ മിക്ക കക്ഷികൾക്കുമുള്ളത്.'
അതേസമയം, മാസപ്പടി ഇടപാടിലെ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ടി വരും എന്ന് അനൗദ്യോഗിക നിയമോപദേശം. ആഭ്യന്തര വകുപ്പിലെ ഉന്നതരും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള സംഭാഷണത്തിലാണ് സാഹചര്യം വ്യക്തമാക്കിയത്. ഇഡിയുടെ കത്തും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ജാഗ്രതയോടെ പഠിച്ച ശേഷം നിയമോപദേശം തയ്യാറാക്കിയാൽ മതിയെന്നാണ് തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.
ആരോപണം സ്ഥിരീകരിക്കാനായി മൊഴികളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള തെളിവുകളും ഇഡി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തെളിവുകൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നും നിയമോപദേശത്തിന് മുമ്പ് പരിശോധിക്കും. അതിനുശേഷം അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി നിയമോപദേശം സർക്കാരിന് കൈമാറാനാണ് നിലവിലെ ആലോചന.