• ഒരമ്മ മക്കള്‍ക്ക് ആഹാര വിഭവങ്ങളുടെ പ്രത്യേകത പകര്‍ന്നു കൊടുക്കണമെന്നു പറയുന്നതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണുള്ളതെന്ന് മുഖ്യമന്ത്രി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും പെണ്‍മക്കളെന്നല്ല, മക്കളെന്നാണ് പറഞ്ഞതെന്നും വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തന്‍റെ വാക്കുകളെ ചിലര്‍ കൗശലത്തോടെ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒരമ്മ മക്കള്‍ക്ക് ആഹാര വിഭവങ്ങളുടെ പ്രത്യേകത പകര്‍ന്നു കൊടുക്കണമെന്നു പറയുന്നതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വിവാദമായ തന്‍റെ പ്രസംഗം വിശദീകരിച്ചായിരുന്നു വിവാദങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി. 'ചില അമ്മമാര്‍ പ്രത്യേകമായ ഡിഷ് ഉണ്ടാക്കാറുണ്ട്. എന്‍റെ അമ്മ മരിച്ചിട്ട് 27 വര്‍ഷമായി. അമ്മ ഉണ്ടാക്കിയ വിഭവങ്ങളുടെ രുചി ഇന്നും എന്‍റെ നാവിലുണ്ട്. അതുവെച്ചാണ് അമ്മമാര്‍ മക്കള്‍ക്ക് ആ കൂട്ടുകള്‍ പകര്‍ന്നുകൊടുക്കണമെന്നു പറഞ്ഞത്. പലപ്പോഴും ഇത്തരം പ്രത്യേക രുചിക്കൂട്ടുകള്‍ അമ്മമാര്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്നില്ല. താന്‍ പറഞ്ഞത്, മക്കള്‍ക്കോ, അല്ലെങ്കില്‍ മകന്‍റെ ഭാര്യയായി വരുന്ന ആളിനോ ഭക്ഷണത്തിന്‍റെ പ്രത്യേകത പകര്‍ന്നു കൊടുക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നാണ്'. 

മക്കള്‍ എന്നു പറഞ്ഞതില്‍, പെണ്‍മക്കള്‍ക്കു മാത്രം എന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മകന്‍റെ ഭാര്യ എന്നത്, വീട്ടിലേക്കു പുതിയതായി വരുന്ന ഒരാളാണ്. അതുകൊണ്ടാണ് അവര്‍ക്കും അത് പകര്‍ന്നു കൊടുക്കണം എന്നു പറഞ്ഞത്.  

ചിലര്‍ ഇല്ലാത്ത കാര്യം ഊതിവിര്‍പ്പിക്കുകയാണെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. 'കുറച്ചാളുകള്‍ മൈക്രോസ്കോപിക് ലെന്‍സുവെച്ച്, കൗശലത്തോടുകൂടി താന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടെന്ന് കണ്ടെത്തുകയാണ്. അത് മോശം പ്രവണതയാണ്'. അമ്മമാര്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നു പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുന്‍മന്ത്രി വി.ശിവന്‍കുട്ടിയും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരുമടക്കം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍. 'വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും'- എന്നായിരുന്നു വി.ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 

അതേസമയം, മുഖ്യമന്ത്രിയെ കാണാന്‍ വന്ന വയോധികയെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'ഓഫിസില്‍ തന്നെ കാണാന്‍ വരുന്ന പ്രായമായവരെയും ഭിന്നശേഷിക്കാരേയും അവര്‍ക്കിരിക്കാന്‍ കൊടുത്ത പ്രത്യേക ഇടത്ത് ഞാന്‍ പോയി കാണാറുള്ളതാണ്. മുകളിലെ ഓഫീസില്‍ തന്നെ വന്നു കാണാന്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതുകൊണ്ടാണ് താഴത്തെ നിലയില്‍ അവര്‍ക്കായി പ്രത്യേക ഇടം തുറന്നു കൊടുത്തിരിക്കുന്നത്. പലപ്പോഴും അവിടെ നൂറിലധികം പേര് കാണും. അവരെയെല്ലാം കണ്ടതിനു ശേഷമാണ് താന്‍ മുകളിലെ ഓഫിസിലേക്കു പോകുന്നത്. 

പൊലീസ് കയ്യേറ്റം ചെയ്തു എന്നു പറയുന്ന വയോധിക, തന്നെ വന്നു കണ്ടിരുന്നു. അവര്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്. കേസ് കോടതിയിലായതിനാല്‍ അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, ആ വയോധിക താഴത്തെ നിലയിലെ പ്രത്യേക ഇടത്ത് ചെന്ന് ബഹളമുണ്ടാക്കി.  പൊലീസ് നിര്‍ബദ്ധിച്ചെങ്കിലും തിരികെ പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അവരുടെ മകളെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷേ, മകളും കൂട്ടിക്കൊണ്ടു പോകാന്‍ വന്നില്ല. തുടര്‍ന്ന് പൊലീസ് ആ വയോധികയെ ഓട്ടോ റിക്ഷയില്‍ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു ചെന്നുവിടുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുത്ത് യാത്രയാക്കുകയാണ് ചെയ്തത്'.  എന്നാല്‍ വയോധിക തെറ്റായ പരാതിയാണ് കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Chief Minister VD Satheesan has clarified his recent statement, emphasizing that his remarks were not anti-woman and that he referred to children generally, not specifically daughters. He explained that his intention was to encourage mothers to pass on family recipes and cooking traditions to their children, and that he did not intend any gender bias with his comments.