സ്കൂള്‍ കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാവില്‍ കല്ലെറിയാനുള്ള ഉന്നമാണ് രാഷ്ട്രീയത്തില്‍ ഗുണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂള്‍ കാലത്ത് മാങ്ങയ്ക്ക് കല്ലെറിഞ്ഞതും സഹപാഠിയായ ഓ.ജി. സുനിലിന്‍റെ സൈക്കിളിന്‍റെ കാറ്റഴിച്ചുവിട്ട കഥയും വി.ഡി. സതീശന്‍ ഓര്‍ത്തു. പൂര്‍വ വിദ്യാര്‍ഥിയായ സതീശന് പനങ്ങാട് സ്കൂളില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍.
സ്കൂളിലേക്ക് നടന്നു വരുന്ന ഓര്‍മകളാണ് വി.ഡി. സതീശന്‍ പങ്കുവച്ചത്. ഞങ്ങളെല്ലാം കൂട്ടമായി നടന്നുവരുമ്പോള്‍ സുനില്‍ സൈക്കളില്‍ വരുന്നതിലെ വിരോധമാണ് ഇതിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. 'ഗോപി സാറിന്റെയും ലീല ടീച്ചറുടെയും മകന്‍ ഓജി സുനില്‍ സൈക്കിളിലാണ് പോകുക. ഞങ്ങളക്കാര്‍ക്കും അതിഷ്ടമല്ല. ഞങ്ങള്‍ നടന്നുവരുമ്പോള്‍ അവന്‍ സൈക്കിള്‍ പോകും. ഒരിക്കല്‍ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ സൈക്കളിന്‍റെ കാറ്റഴിച്ചു വിട്ടു. ഞാന്‍ ഒറ്റയ്ക്കല്ല, നടന്നു വരുന്ന ടീമുണ്ട്. ഒരു സുഖം കിട്ടി' എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇന്നു കണ്ടപ്പോള്‍ സുനില്‍ ഇക്കാര്യം ഓര്‍ത്തതായും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളിലേക്ക് വരുമ്പോള്‍ മാങ്ങയ്ക്ക് കല്ലെറിയും. വീട്ടില്‍ മാങ്ങയുണ്ടെങ്കിലും കല്ലെറിയും. കൂട്ടത്തില്‍ നന്നായി മാങ്ങയെറിയുന്നയാളാണ് താനെന്നും മുഖ്യമന്ത്രി ഓര്‍ത്തു. എല്ലാവരും മാങ്ങയ്ക്ക് കൊള്ളിക്കുമ്പോള്‍ ഞാന്‍ മാങ്ങയുടെ ഞെട്ടില്‍ കൊള്ളിക്കും. ആ ഉന്നമാണ് രാഷ്ട്രീയത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. താന്‍ മുഖ്യമന്ത്രിയായി എന്നതാണ് അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണയെന്നും സതീശന്‍ പറഞ്ഞു.