പ്ലീഡർ നിയമനം ഉൾപ്പെടെ സർക്കാരിന്റെ നയപരമായ കാര്യങ്ങൾ തന്നോട് കൂടി ആലോചിച്ചാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ്. ഇത് മറ്റൊരു സമിതിയിൽ ചർച്ച നടത്തിയിട്ടില്ല. പ്ലീഡർ നിയമന വിവാദത്തെ തുടർന്നുണ്ടായ കെഎസ്‌യുവിലെ തർക്കം പരിഹരിക്കപ്പെടുമെന്നും വിമർശനം പറയേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, പ്ലീഡർ നിയമനത്തിലെ പരാതികൾ പരിഹരിക്കാന്‍ എഐസിസിയും കെപിസിസിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോയേഴ്സ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി വി.ഡി.സതീശനെ പരാതി അറിയിച്ചിട്ടും മറുപടിയില്ലെന്നും ലോയേഴ്സ് കോണ്‍ഗ്രസ്.
ഗവണ്‍മെന്റ് പ്ലീഡർ വിഷയത്തിലെ കെ എസ് യു - മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശനെ പിന്തുണച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന വിശദീകരണങ്ങളിൽ അസംതൃപ്തി ഇല്ല. കോൺഗ്രസ്സ് രൂപീകരിച്ച കാലം മുതൽ വിവാദങ്ങൾ ഉണ്ടെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്താണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മനോരമ ന്യൂസിനോട് പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ ചേരിത്തിരിഞ്ഞ് നേതാക്കൾ. ശനിയാഴ്ച നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ കെഎസ്‌യു അധ്യക്ഷനെ പരസ്യമായി പ്രശംസിച്ചും പിന്തുണച്ചും വി.എം സുധീരനും വിവാദത്തിൽ കക്ഷിചേർന്നു. പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെ.സി.വേണുഗോപാലും, കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അലോഷ്യസിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ, തേവര കോളേജിലെ പരിപാടിക്ക് തിരക്കിനിടയിൽ മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചു. പ്രശ്നം നിലനിൽക്കുകയാണെന്നും പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് പ്രതികരിച്ചിരുന്നു.