ആഗോള വളർച്ചയ്ക്ക് വിഘാതമാകുന്ന രീതിയിൽ സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും രാഷ്ട്രീയ ആയുധങ്ങളാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസം ലോക നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെയും അമേരിക്കയെയും വ്യക്തമായി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
നിലവിലുള്ള ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതം വലിയ രീതിയിൽ ദുഷ്ക്കരമാക്കുന്നുവെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, പുത്തൻ സാങ്കേതികവിദ്യകൾ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതാകാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതായി മാറേണ്ടതുണ്ടെന്നും വ്യക്തമാക്കി. Also Read: മോദിയുടെ വിരുന്നില്‍ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്‍റും അബുദബി കിരീടവകാശിയും
ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങൾ
പകർച്ചവ്യാധി പ്രതിരോധം: ഭാവിയിലെ പകർച്ചവ്യാടികളെ പ്രതിരോധിക്കുന്നതിനായി ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ ഒരു പൊതുമുന്നറിയിപ്പ് സംവിധാനം കൊണ്ടുവരാൻ ധാരണയായി.
ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ: എം.എസ്.എം.ഇ അഥവാ ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയൊരു പോർട്ടൽ സ്ഥാപിക്കും.
ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്: അംഗരാജ്യങ്ങളിലെ മികച്ച ഗതാഗത മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഈ പുതിയ സംവിധാനം യാഥാർഥ്യമാക്കും.
നവീന ആശയ കൈമാറ്റം: സാങ്കേതിക-നവീന ആശയങ്ങളുടെ കൈമാറ്റത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും.
അംഗരാജ്യങ്ങൾക്ക് പുറമേ പത്ത് പങ്കാളിത്ത രാജ്യങ്ങളും ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിലെ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ആഗോളതലത്തിൽ പുതിയ സാമ്പത്തിക സമവാക്യങ്ങൾ രൂപപ്പെടുന്ന നിർണായക ഘട്ടത്തിലാണ് ഇന്ത്യയുടെ ഈ നയസമീപനം എന്നത് ശ്രദ്ധേയമാണ്.