തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണ വിവാദം കാര്യമായി പരാമർശിച്ചില്ല.
വിശാല സംസ്ഥാന സമിതി തുടങ്ങുന്നതിനു തൊട്ട് മുന്‍പ് പോലും നേതൃത്വത്തിന് തെറ്റ് പറ്റിയെന്നു സമ്മതിക്കാൻ പല മുതിർന്ന നേതാക്കളും മടിച്ചപ്പോൾ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി തുറന്നു സമ്മതിച്ചു. വീഴ്ചകൾക്ക് പല കാരണങ്ങൾ ഉണ്ട്. അതിലൊന്നാണ് വ്യാജ പ്രതീതി നിർമാണം. ആർഎസ്എസ് സിപിഎം ബന്ധമുണ്ടെന്ന ആരോപണം പോലും ചിലർ വിശ്വസിച്ചു. കാന്തപുരത്തിന്റെ വിവാദപ്രസ്താവനയെ മുമ്പും തള്ളിപ്പറഞ്ഞ എം എ ബേബി വിശാല സംസ്ഥാന സമിതി വേദിയിൽ പേരെടുത്ത് പറയാതെയാണ് കുറ്റപ്പെടുത്തിയത്. Also Read: ജനവിശ്വാസം തിരിച്ചുപിടിക്കാൻ സിപിഎം; കോഴിക്കോട്ട് വിശാല സംസ്ഥാന സമിതിക്ക് കൊടി ഉയർന്നു
എന്നാൽ ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി ഒരക്ഷരം മിണ്ടിയില്ല. പകരം സിപിഎമ്മിന് നേരെയുള്ള കള്ളപ്രചാരണവേലകളെ ചെറുത്തു തോൽപ്പിക്കും എന്നും പറഞ്ഞുവച്ചു. മുതിർന്ന അംഗം പാലോളി മുഹമ്മദ് കുട്ടിയാണ് പതാക ഉയർത്തിയത്യ .
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനെതിരെ വ്യാജ നിർമിതികൾ നടക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വിമോചനസമര കാലത്തുണ്ടായ വ്യാജ നിർമിതികളുടെ തുടർച്ചയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ തകർക്കാൻ 1957 മുതൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. സിഐഎയുടെ ഡോളർ വരെ അന്ന് ഉപയോഗിക്കപ്പെട്ടു. എൽഡിഎഫ് കൊണ്ടു വന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് യുഡിഎഫ് ഭരണത്തിൽ കാണുന്നത്. പവർകട്ട് എന്താണെന്ന് പുതുതലമുറയ്ക്ക് മനസ്സിലായിക്കഴിഞ്ഞു.
സമഗ്രമേഖലകളിലും കോടതികളിലും അന്വേഷണ ഏജൻസികളിലും ആർഎസ്എസ് സ്വാധീനമുറപ്പിക്കുകയാണ്. ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിച്ചത് സിപിഎമ്മാണെന്നും എം.എ.ബേബി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്നുവെന്ന് ആരും വ്യാമോഹിക്കേണ്ട. പാർട്ടിക്കുള്ളിൽ ആവശ്യമായ സ്വയംവിമർശനവും തിരുത്തൽ നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം, ക്യൂബയിലെ യുഎസ് ഇടപെടൽ, ബ്രിക്സ് ഉച്ചകോടി തുടങ്ങിയ ദേശീയ-അന്തർദേശീയ വിഷയങ്ങളും പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു.