കോഴിക്കോട് ചേരുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതിയെ രൂക്ഷമായി വിമർശിച്ച് കെ.കെ.രമ എംഎൽഎ. സിപിഎം നേതൃത്വം ചെയ്തുകൂട്ടിയ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ സമിതി ചേരുന്നതിന് മുന്‍പ് ടി.പി.ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ എന്ന് രമ ഫെയ്സ്ബുക്കില്‍ ചോദിക്കുന്നു. സിപിഎം നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽചൂണ്ടിയതിനാണ് ടി.പി.ചന്ദ്രശേഖരനെ പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തി വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്നും രമ ആരോപിക്കുന്നു. വി.എസ്സും.വിജയൻ മാഷുമടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ സമരത്തെ പിന്തുണച്ച ടി.പിയുടെ കൊലപാതകം തിരുത്താനാവാത്ത തെറ്റാണെന്നും രമ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ടി.പിയുടെ ചിത്രമടക്കം പങ്കുവച്ചാണ് രമയുടെ പോസ്റ്റ്.

കെ.കെ.രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ‘നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം, നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി.എസ്സും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ  വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി.ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?’

അതേസമയം, സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമായി. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. തിരഞ്ഞെടുപ്പിലെ പരാജയവും കാരണവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എം.എ,ബേബി പറഞ്ഞു.  2026ല്‍ സിപിഎമ്മിനെതിരെ വ്യാജപ്രതീതി നിര്‍മ്മിതികളുണ്ടായെന്നും അത് തിരിച്ചറിയാതെപോയോ എന്ന് പരിശോധിക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനും പരോക്ഷ വിമര്‍ശനമുണ്ടായി.

ENGLISH SUMMARY:

K.K. Rema launched a scathing attack on the CPM's extended state committee meeting currently underway in Kozhikode. In a social media post accompanied by a photograph of T.P. Chandrasekharan, Rema questioned whether the CPM leadership possesses the political honesty to confess its unpardonable mistake of brutally assassinating her late husband. She highlighted that Chandrasekharan was targeted for courageously standing against the party leadership's corruption and policy betrayals while supporting internal ideological struggles led by senior leaders like V.S. Achuthanandan. Meanwhile, CPM General Secretary M.A. Baby inaugurated the session in Kozhikode, stating that the party has identified the reasons behind its electoral setback while calling for an introspection into false narratives generated during recent elections.