സസ്പെൻഷൻ പിൻവലിച്ച് ഡോ. ബി. അശോകിനെ സർക്കാർ നിയമിച്ചത് തന്ത്രപ്രധാനമായ ഉന്നത വിദ്യാഭ്യാസ വകുപ്പിലായതോടെ പുതിയ വിവാദം ഉയരുകയാണ്. ആർ. ബിന്ദു മന്ത്രിയായിരിക്കെ ഏറെ വിമർശനം കേട്ട വകുപ്പിലേക്ക് ബി. അശോകിനെ കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ശുദ്ധീകരിക്കാനാണെന്നാണ് സർക്കാർ നിലപാട്. ബി. അശോകുമായി നിരന്തരം കൊമ്പുകോർത്തിരുന്ന എസ്എഫ്ഐ നിയമനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. സംഘി പ്രോ ആയ ഗവർണർ രാജേന്ദ്ര ആർലേക്കറും സംഘി പ്രോ മാക്സായ അശോകും ചേർന്ന് കേരളം ഭരിക്കുമെന്നാണ് എസ്എഫ്ഐയുടെ ആക്ഷേപം. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്തിനാണ് ഇരിക്കുന്നതെന്നും എസ്എഫ്ഐ ചോദിക്കുന്നു.
പിണറായി വിജയൻ സർക്കാരിനെതിരെ പോരാടിയതിന് സസ്പെൻഷനിലായിരുന്ന ബി. അശോകിനെ തിരികെ എത്തിച്ചത് എൽഡിഎഫിന് കനത്ത ക്ഷീണമായിട്ടുണ്ട്. നിയമനമാകട്ടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തും.
എസ്എഫ്ഐ ഇറങ്ങുന്നത് പിണറായിയുടെ നാണക്കേട് മറയ്ക്കാനോ?
ബി. അശോകിനെ സംഘപരിവാർ എന്ന് വിശേഷിപ്പിച്ച് എസ്എഫ്ഐ രംഗത്തിറങ്ങുന്നത് അശോക് സർവീസിൽ തിരിച്ചെത്തിയതോടെ പിണറായി വിജയനുണ്ടായ നാണക്കേട് മറയ്ക്കാനാണെന്നാണ് ആരോപണം. പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്തും തന്ത്രപ്രധാന വകുപ്പുകളിൽ ബി. അശോക് ഇരുന്നിട്ടുണ്ട്. ഏപ്രിൽ അവസാനമാണ് അശോകിനെ ലേഖനം എഴുതിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്.
എസ്എഫ്ഐ മറന്നോ ആ കാലം?
കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ബി. അശോകിനെ തിരിച്ചുവിളിച്ച് 38-ാം വയസ്സിൽ വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലറാക്കിയത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ്. പിണറായി മുഖ്യമന്ത്രിയായപ്പോൾ കാർഷിക സർവകലാശാലയുടെ അധിക ചുമതലയും നൽകി. പി. പ്രസാദായിരുന്നു കൃഷിമന്ത്രി. ഈ വസ്തുതകൾ നിലനിൽക്കുമ്പോഴാണ് എസ്എഫ്ഐ അശോകിന് സംഘപരിവാർ ബന്ധം ചാർത്തുന്നതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. 2014-ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം യുജിസി സെക്രട്ടറിയായി അശോക് അപേക്ഷിച്ചിട്ടും നരേന്ദ്ര മോദി സർക്കാർ നിയമനത്തിന് മതിപ്പ് നൽകിയിരുന്നില്ല. വരും ദിവസങ്ങളിൽ അശോകിന്റെ പേരിൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ ആലോചന.