ബി.അശോക്, എന്‍.പ്രശാന്ത്, എ.ജയതിലക്
പിണറായി സര്‍ക്കാരിന് തലവേദനയായിരുന്ന രണ്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ബി.അശോകും എന്‍.പ്രശാന്തും സര്‍വീസിലേക്ക് തിരികെ എത്തുമ്പോള്‍ വലിയ തിരിച്ചടി നേരിടുന്നയാള്‍ ചീഫ് സെക്രട്ടറി എ.ജയതിലക് ആണ്. ഈ മാസം വിരമിക്കുന്ന ജയതിലക് താന്‍ സര്‍വീസിലുള്ളപ്പോള്‍ ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന വാശിയിലായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ ദ്രോഹിച്ച ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ തീരുമാനിക്കുകയായിരുന്നു. ഇത് തടയാനുള്ള എല്ലാ തന്ത്രങ്ങളും ജയതിലക് പയറ്റിയെങ്കിലും വിലപ്പോയില്ല. പിണറായി വിജയന്‍ സര്‍ക്കാരുമായി യോജിച്ചുപോകാതിരുന്നതിന് നടപടി നേരിട്ട ബി.അശോകിനെയും എന്‍.പ്രശാന്തിനേയും തിരിച്ചെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരു നടപടി കൂടി തിരുത്തുകയാണ് യുഡിഎഫ്. അനന്തമായി നീളുന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ചീഫ് സെക്രട്ടറിക്ക് വിയോജിപ്പുണ്ടായിരുന്നു. താന്‍ വിരമിച്ച ശേഷമേ ഇരുവരെയും സര്‍വീസില്‍ പ്രവേശിപ്പിക്കാവൂ എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ വാദം. ഇതു തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇരുവരെയും തിരിച്ചെടുക്കാനുള്ള ഫയലില്‍ ഒപ്പിട്ടത്.
സിവില്‍ സര്‍വീസിനെ ഞെട്ടിച്ച സസ്പെന്‍ഷന്‍
ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ഉന്നതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശാന്തിന്‍റെ സസ്പെന്‍ഷിലെത്തിയത്. ഉന്നതിയുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ കാണാനില്ലെന്ന് ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ജലതിലകിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ച് പ്രശാന്ത് പോസ്റ്റിടുകയായിരുന്നു. ജയതിലകിനെ മാടമ്പിയെന്ന് ആക്ഷേപിച്ചായിരുന്നു എഫ് ബി പോസ്റ്റ്. ഇതിനെ തുടര്‍ന്ന് സസ്പെന്‍ഷിനായ പ്രശാന്ത് ജയതിലകിനെതിരായ പോരാട്ടം സമൂഹമാധ്യമത്തില്‍ തുടരുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിച്ചതിന് തുടര്‍ന്ന് സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു.
അശോകിനെതിരായ നടപടിയും തുറന്നു പറച്ചിലും
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അനാവശ്യമായ ട്രാന്‍സ്ഫറിന് എതിരെ നിയമപരമായ പോരാട്ടതിനിറങ്ങിയാണ് അശോക് പിണറായി സര്‍ക്കാരുമായി ഇടയുന്നത്. സര്‍ക്കാര്‍ നയങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിമര്‍ശിച്ചതിനാണ് അശോക് നടപടി നേരിട്ടത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കടന്നാക്രമിച്ചും ഭരണപരമായ വീഴ്ചകള്‍ തുറന്നുപറഞ്ഞുമാണ് സസ്പെന്‍ഷന്‍ ഉത്തരവിനെതിരെ ബി .അശോക് പ്രത്യാക്രമണം നടത്തിയത് . കാലവധി കഴിഞ്ഞ സര്‍ക്കാരിന്‍റെ ഉത്തരവിന് വിലകല്‍പ്പിക്കുന്നില്ലെന്നും ചവറ്റുകുട്ടയില്‍ പോകുമെന്നും അശോക് തുറന്നുപറഞ്ഞിരുന്നു. വിലയില്ലാത്ത ഉത്തരവിനെതിരെ കോടതിയില്‍ പോവില്ലെന്നു നിലപാട് എടുത്ത അശോക് തിരികെ എത്തുന്നത് ജയതിലകിന് മാത്രമല്ല പിണറായിക്കും ക്ഷീണമാണ്. കെ.എം .എബ്രാഹം നയിക്കുന്ന ഉദ്യോഗസ്ഥ കോക്കസ് നവംബര്‍ മുതല്‍ തുടര്‍ഭരണത്തിന് ശ്രമിക്കുകയാണെന്നും കെ.എം.എബ്രഹാം മന്ത്രിമാരെ പോലും നിയന്ത്രിക്കുന്ന ബാഹ്യ അധികാരകേന്ദ്രമാണെന്നും അശോക് തുറന്നടിച്ചിരുന്നു . വയനാട് പുനരധിവാസത്തിലും ടൗണ്‍ഷിപ്പ് നിര്‍മാണത്തിലും വലിയ ക്രമക്കേടാണ് നടന്നത് എന്നായിരുന്നു അശോകിന്‍റെ മറ്റൊരു ആരോപണം.