PTI

കേരളക്കരയിൽ ഇനി വിഡിഎസിന്റെ പുതുയുഗം. സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിന്റെ 24 ാമത്തെ  മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാതകം ചൊല്ലിക്കൊടുത്തു. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്

 

Also Read: സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്തിന്? ആശങ്ക രേഖപ്പെടുത്തി സിപിഎം


മൂന്നരക്കൊടി മലയാളികളുടെ പ്രതിനിധികളായി സെൻട്രൽ സ്റ്റേഡിയത്തിൽ അണിനിരന്ന ജനലക്ഷങ്ങളെ സാക്ഷിനിർത്തിയാണ് വടശേരി ദാമോദര മേനോൻ സതീശൻ എന്ന വി.ഡി. സതീശൻ സത്യവാചകം ചൊല്ലിയത്. ഒരു ജനതയുടെ ആകെ പ്രതിക്ഷകളെ ചുമലിലേറ്റി മന്ത്രിസഭയുടെ ഒന്നാമനായ സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരു പ്രത്യേകതയുണ്ട്. കേരളപ്പിറവിയോളം പ്രായമില്ല പുതുയുഗ വാഹകനായ മുഖ്യമന്ത്രി സതീശന്.

 

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ എന്നിവർ പിന്നാലെ സത്യവാചകം ചൊല്ലി. ജന നേതാക്കൾക്കെല്ലാം എഴുന്നേറ്റുനിന്ന് കയ്യടിച്ച് നേരിട്ട് സാക്ഷിയായവർ.

 

മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എ.പി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പി കെ ബഷീർ, വി ഇ അബ്ദുൽ ഗഫൂർ, ടി സിദ്ദീഖ്, കെ. എ തുളസി, ഓ ജെ ജനീഷ് . യുവ നേതാക്കൾക്കെല്ലാം സദസ്സിന്റെ വൻ സ്വീകരണം.

 

മുഖ്യമന്ത്രി ഉൾപ്പെടെ  19 പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഇടതുധാരയിൽ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങളുടെ ഭാഗമായ ഷിബു ബേബി ജോണും സിപി ജോണും ഇവരുടെ സഗൗരവം പ്രതിജ്ഞഎടുത്തു. പാന്റ്സ് ധരിച്ച് സത്യവാചകം ചൊല്ലി റോജി എം ജോണും വ്യത്യസ്തനായി

 

രാജ്യത്ത് പല നല്ല കീഴ്‌വഴക്കങ്ങൾക്കും തുടക്കം ഈ നാട് സത്യപ്രതിജ്ഞാ ചടങ്ങിലെ വ്യത്യസ്തയ്ക്കും ഇത്തവണ തുടക്കമിട്ടു. അധികാരം ഏറ്റ പാർട്ടിയുടെ അമരക്കാരായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ  സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുക്വീന്ദർ സിംഗ് സുഖു, ഉപമുഖ്യമന്ത്രിമാരായ ഡി.കെ ശിവകുമാർ, മല്ലു ഭട്ടി വിക്രമാർക്ക, പാണക്കാട് സാദിഖലി തങ്ങൾ, പി ജെ ജോസഫ് ഉൾപ്പെടെ ഉള്ളവർക്ക് അപ്പുറം നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം വി ഗോവിന്ദനും ബിനോയ് വിശ്വത്തിനും രാജീവ് ചന്ദ്രശേഖർക്കും മുൻനിരയിൽ തന്നെ ഇരിപ്പിടം കിട്ടി. കേരള രാഷ്ട്രീയത്തിന്റെ പരിച്ഛേദം അങ്ങനെ ഒറ്റ ഫ്രെയിമിൽ .

 

ജനപ്രിയ തീരുമാനങ്ങളും ഉറച്ച നിലപാടുകളും പ്രഖ്യാപിച്ചായിരുന്നു വി.ഡി.സതീശന്‍മന്ത്രിസഭയുടെ ആദ്യയോഗം. അഞ്ചില്‍ രണ്ടു  ഇന്ദിരാ ഗ്യാരന്‍ഡി കളും ഉടന്‍ നടപ്പാക്കും.  സ്ത്രീകള്‍ക്ക് സൗജന്യ കെ.എസ്.ആര്‍ടിസി യാത്ര അടുത്തമാസം യാഥാര്‍ഥ്യമാകും. ആശമാരുടെ ഒാണറേറിയം 3000 രൂപ വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.  

 

എല്ലാ വരും കാത്തിരുന്ന ഈ തീരുമാനം ജൂണ്‍15 മുതല്‍ നടപ്പാകും . സൗജന്യയാത്ര എങ്ങനെ നടപ്പാക്കണമെന്ന് വരും ദിവസങ്ങളില്‍ തീരുമാനിക്കും. കെ.എസ്.ആര്‍.ടിസിക്ക് വരുമാനം കണ്ടെത്താനുള്ള നടപടികളുള്‍പ്പെടെ  പരീഗണിക്കും.  അധികാരം കിട്ടയ ആദ്യദിവസം തന്നെ  ആശാസമരകാലത്ത് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. 9000 ല്‍നിന്ന് 12000 രൂപയാക്കി ആശാ വര്‍ക്കേഴ്സിന്‍രെ ഒാണറേറിയം വര്‍ധിപ്പിച്ചു. പാചകതൊഴിലാളികള്‍, അങ്കണ്‍വാടി ജീവനക്കാര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപ കൂട്ടി. 

 

സാമ്പത്തിക സ്ഥിതി  സംബന്ധിച്ച്  ധവളപത്രമിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. വയോജനങ്ങളുടെ സുരക്ഷ സംബന്ധിച്ച ഇന്ദിരാഗ്യാരന്‍ഡി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക വകുപ്പ് രൂപീകരിക്കും.

 

ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും ടി. ആസിഫലിയെ ഡയറക്ടര്‍ജനറല്‍ ഒഫ് പ്രോസിക്യൂഷനായും നിയമിച്ചു. 21 മുതല്‍ നിയമസഭ  ചേരും. മുന്‍രീതികള്‍പലതും മാറുമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ എഴുതി തയാറാക്കിയ ദീര്‍ഘമായ കുറിപ്പൊന്നും വായിക്കാത്തതും ശ്രദ്ധിക്കപ്പെട്ടു. 

 

പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ തിരിച്ചുവരവ്  പ്രവര്‍ത്തകര്‍ ഉല്‍സവമാക്കി . ആവേശത്തിരയില്‍ തലസ്ഥാനം ഇളകിമറിഞ്ഞു. അതിരറ്റ ആഹ്ലാദത്തിനിടയിലും ജില്ലകള്‍ക്ക് മന്ത്രിയെ കിട്ടാത്തതിന്‍റെ സങ്കടവും പറഞ്ഞു കോഴിക്കോട്ടെയും കാസര്‍കോട്ടെയും പ്രവര്‍ത്തകര്‍. ജീവന്‍മരണ  പോരാട്ടത്തിന്‍റെ വിജയാഘോഷമായിരുന്നു സകലപ്രവര്‍ത്തകര്‍ക്കുമെങ്കില്‍ പെരിയ കല്യോട്ടെ ശരത്‍ലാലിന്‍റെ പിതാവിന് ഇത് നെടുവീര്‍പ്പിന്‍റെ നിമിഷം.

ENGLISH SUMMARY:

V.D. Satheesan has officially taken over as the 24th Chief Minister of Kerala, marking a new era for the state. This significant political transition was accompanied by the swearing-in of his entire cabinet and promises of immediate implementation of key welfare schemes.