കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഒന്നാംപ്രതിയും അധ്യാപകനുമായ ഡോ. എം.കെ.റാമിനെ വിട്ടയക്കാന്‍ കോടതി ഉത്തരവ്. തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. റാമിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്നും ക്രൈംബ്രാഞ്ചിന് ഗുരുതരവീഴ്ച സംഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റില്‍ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എന്തിന് അറസ്റ്റ് ചെയ്തുവെന്ന് പ്രതിയെ അറിയിച്ചില്ലെന്നും കോടതി വിലയിരുത്തി. 

അതേസമയം, കോടതി വിട്ടയക്കാൻ ഉത്തരവിട്ട ഡോക്ടർ റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തത് കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസിന്റേത് നിയമവിരുദ്ധ നടപടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ എം കിഷോർ കുമാര്‍ ആരോപിച്ചു. ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു. . ഒടുവില്‍ രണ്ടുദിവസത്തിനകം വീണ്ടും ഹാജരാകാന്‍ നോട്ടിസ് നല്‍കി റാമിനെ വിട്ടയച്ചു. നോട്ടിസ് നല്‍കാനായിരുന്നു കസ്റ്റഡിയെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചു. 

ക്രൈംബ്രാഞ്ച്  നടപടിക്കെതിരെ റാമിന്റെ ഭാര്യ ഡോ. ദില്‍നയും രംഗത്തെത്തി. തന്നെ തള്ളി മാറ്റിയാണ് റാമിനെ ഡിവൈഎസ്പി  കൊണ്ടുപോയതെന്നും ചോദ്യം ചെയ്യലിൽ മാനസിക പീഡനം നേരിട്ടെന്നും ദില്‍ന പരാതിപ്പെട്ടു

കർണാടകയിലെ കുടകിൽ നിന്നാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിലെടുത്തത്. നിതിൻ രാജ് ആത്മഹത്യ ചെയ്ത് നൂറാം ദിവസമാണ് ഒളിവിൽ കഴിയുന്നതിനിടെ റാമിനെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ രൂപം മാറിയായിരുന്നു റാമിന്റെ ഒളിവ് ജീവിതം. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നും നിതിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ചിട്ടില്ലെന്നും റാം മൊഴിനല്‍കി.

ഏപ്രിൽ 10നായിരുന്നു ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. പിന്നാലെ റാം ഒളിവിൽ പോയത് കർണാടകയിലേക്ക് ആയിരുന്നു. പിന്നീട് സ്വന്തം നാടായ ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലും ഒളിവു ജീവിതം നയിച്ചു . ആദ്യം ചക്കരക്കൽ പോലീസും പിന്നീട് എസ്ഐടിയും അന്വേഷിച്ച കേസാണ് ഒടുവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ആഴ്ചകളോളം ആന്ധ്രയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ റാമിനെ തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും റാമിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയെങ്കിലും വീണ്ടും ദിവസങ്ങൾ എടുത്തു അറസ്റ്റ് ചെയ്യാൻ. ഇന്ന് പുലർച്ചെ കുടകില്‍ നിന്ന് കാറിൽ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. 

താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈൽ ഫോണുകൾ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകിൽ ഒളിവിൽ കഴിഞ്ഞത് മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒളിവിൽ കഴിയാൻ പ്രാദേശിക സഹായങ്ങൾ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോൺ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിന്റെ അഭിഭാഷകൻപറഞ്ഞു.

ENGLISH SUMMARY:

Thalassery Principal District Sessions Court ordered the release of Dr. M.K. Ram, the prime accused teacher in the suicide case of Kannur Anjarakandy Dental College student Nitin Raj, ruling his arrest illegal due to serious lapses by the Crime Branch and non-compliance with Supreme Court guidelines.