Image: Facebook,Rajeev Chandrasekhar
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാറിന് ആശംസ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. വി.ഡി.സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത വിവരവും രാജീവ് പോസ്റ്റിലൂടെ അറിയിച്ചു.
ജനാധിപത്യ പ്രക്രിയയിലൂടെ കേരളത്തിലെ ജനങ്ങൾ പുതിയൊരു സർക്കാരിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
ഈ ജനവിധിയെ മാനിച്ചുകൊണ്ടും, മുഖ്യമന്ത്രി വി.ഡി.സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും ആശംസകൾ നേർന്നുകൊണ്ടും ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അഴിമതിയോടും പ്രീണനത്തോടും വികസനവിരുദ്ധ രാഷ്ട്രീയത്തോടും ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത, ഉത്തരവാദിത്തമുള്ളൊരു പ്രതിപക്ഷമായിരിക്കുമെന്നും രാജീവ് പോസ്റ്റില്‍ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി വി.ഡി.സതീശന്‍ ക്ഷണിച്ച കാര്യം രാജീവ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.
സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി.സതീശൻ കേരളത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ആ കസേരയിൽ എത്തുന്ന 13ാമത്തെ വ്യക്തിയാണ് വി.ഡി. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്. മൂന്നരക്കോടി മലയാളികളുടെ പ്രതിനിധികളായി സെൻട്രൽ സ്റ്റേഡിയത്തിൽ അണിനിരന്ന ജനലക്ഷങ്ങളെ സാക്ഷിനിർത്തിയാണ് വടശേരി ദാമോദര മേനോൻ സതീശൻ എന്ന വി.ഡി. സതീശൻ സത്യവാചകം ചൊല്ലിയത്.