സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ദേശീയഗാനത്തിനൊപ്പം വന്ദേമാതരം ആലപിച്ച് ബിജെപി കൗൺസിലർമാർ. വന്ദേമാതരത്തെ കോർപറേഷൻ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, ബിജെപി കൗൺസിലർമാർ ബോധപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് എൽഡിഎഫ് ഭരണസമിതിയുടെ ആരോപണം.

 

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോർപറേഷൻ മുറ്റത്ത് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഒരു ഭാഗത്ത് മേയറുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചപ്പോൾ മറുഭാഗത്ത് ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു. ദേശീയഗാനം പൂർത്തിയാക്കി മേയറും സംഘവും മടങ്ങിയ ശേഷവും ബിജെപി കൗൺസിലർമാർ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു.

 

Also read: പുതുയുഗ കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് വന്ദേമാതരം ആലപിച്ചില്ല

വന്ദേമാതരം ആലപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും മേയർ സ്ഥലത്തുനിന്ന് മാറിനിന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബിജെപി കൗൺസിലർ റെനീഷ് ആരോപിച്ചു.

 

എന്നാൽ, വന്ദേമാതരം ആലപിക്കുന്ന കാര്യം ബിജെപി കൗൺസിലർമാർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കി. വന്ദേമാതരം ആലപിക്കുന്നതിൽ കൗൺസിലർമാരെ തടഞ്ഞിട്ടില്ലെന്നും എന്നാൽ ദേശീയഗാനം ആലപിക്കുന്നതിനിടെ സമാന്തരമായി മറ്റൊരു ഗാനം ആലപിച്ചത് ശരിയായ നടപടിയല്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. അതേസമയം, സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങിൽ കോൺഗ്രസ് കൗൺസിലർമാർ പങ്കെടുത്തില്ല.

 

തൃശൂർ കോർപറേഷനിലും ബിജെപി കൗൺസിലർമാർ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തി. തിരുവനന്തപുരം കോർപറേഷനിലും വന്ദേമാതരം പൂർണമായി ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ദേശീയഗാനത്തിനും വന്ദേമാതരത്തിനും നൽകേണ്ട പ്രാധാന്യവും ആലാപനവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളും സംബന്ധിച്ച് വിവിധ കോർപറേഷനുകളിൽ രാഷ്ട്രീയ തർക്കം ശക്തമാകുകയാണ്.

ENGLISH SUMMARY:

Kozhikode Corporation Independence Day celebrations were marked by a political drama involving BJP councilors singing Vande Mataram simultaneously with the National Anthem. This incident has sparked a controversy, with BJP councilors lodging a complaint against the Corporation for allegedly disrespecting Vande Mataram.