Imgae: VT Balram (Facebook)

സ്വാതന്ത്ര്യദിനത്തില്‍ ലുങ്കിയുടുത്ത് പതാക ഉയര്‍ത്തി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. തൃത്താല പഞ്ചായത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്കാണ് ബല്‍റാം ലുങ്കിയുടുത്തെത്തിയത്. രാജ്യസഭയിലെ 'ലുങ്കിവാല' വിവാദത്തിനുള്ള മറുപടിയായിരുന്നു ബല്‍റാമിന്‍റെ വേഷം. ലുങ്കിയുടത്ത് പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച അദ്ദേഹം, സ്വതന്ത്ര്യത്തിന്‍റെ അടരുകൾ പലതാണെന്നും അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കുറിച്ചു.

പാർലമെന്റിൽ ബിജെപി എം.പി സുസ്മിത ദേവും സിപിഎം എം.പി ജോൺ ബ്രിട്ടാസും തമ്മിലുണ്ടായ 'ലുങ്കിവാല' പരാമർശ വിവാദം ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കെയാണ് ബല്‍റാമിന്‍റെ മറുപടി. ‘വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിന്‍റെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്’– ബല്‍റാം കുറിച്ചു. ഒപ്പം എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും പോസ്റ്റിലുണ്ട്.

ആദായനികുതി ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ബിജെപി എം.പി സുസ്മിത ദേവ് തന്നെ 'ലുങ്കിവാല' എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് സിപിഎം എം.പി ജോൺ ബ്രിട്ടാസ് ആരോപിച്ചത്. ചർച്ചയിൽ പങ്കെടുക്കാനായി ബ്രിട്ടാസ് എഴുന്നേറ്റപ്പോഴായിരുന്നു സുസ്മിതയുടെ വിവാദ പരാമർശം. എന്നാല്‍ താൻ ധരിച്ചിരുന്നത് ധോത്തിയാണെന്നും, ഒരു മലയാളിയും ദക്ഷിണേന്ത്യക്കാരനും ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കിയ ബ്രിട്ടാസ് സുസ്മിത ദേവിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസും നൽകി. എന്നാൽ ആരോപണങ്ങൾ സുസ്മിത നിഷേധിച്ചു. താൻ ആരുടെയും വസ്ത്രധാരണത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു സുസ്മിതയുടെ പ്രതികരണം.

അതേസമയം, സംഭവം ദക്ഷിണേന്ത്യൻ സംസ്കാരത്തിനും വസ്ത്രധാരണത്തിനുമെതിരെയുള്ള അധിക്ഷേപമാണെന്ന് കോൺഗ്രസ്, എഎപി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. 'വൈവിധ്യത്തിലെ ഏകത്വം' എന്ന ഇന്ത്യയുടെ ആശയത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും അവർ ആരോപിച്ചു. സർക്കാർ ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. അതിനെ 'ലുങ്കി' എന്നല്ല, 'ധോത്തി' എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Congress MLA V.T. Balram celebrated Independence Day at the Thrithala panchayat by hoisting the national flag while wearing a traditional lungi. His attire served as a striking political response to the recent "Lungiwala" controversy in Parliament involving CPI(M) MP John Brittas and BJP MP Sushmita Dev. Sharing pictures on social media, Balram emphasized that freedom encompasses various layers, including the right to preserve cultural habits and choice of clothing without discrimination. The original parliamentary remark had sparked widespread political outrage across southern states over cultural insensitivity and regional identity.