അഴിമതിയോട് തന്റെ സർക്കാർ സന്ധിയില്ലാ സമരം ചെയ്യുമെന്നും അഴിമതിമുക്ത തമിഴ്നാടാണ് ലക്ഷ്യമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്. അതിനായി ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയും സഹകരണവും തനിക്ക് വേണമെന്നും വിജയ് അഭ്യർഥിച്ചു. ജാതി–മത–പണ–അധികാര ഹുങ്കുകളെ തകർത്ത് തനിക്ക് അവസരം നൽകിയതിന് തമിഴ്നാട്ടിലെ ജനങ്ങളെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2036നുള്ളിൽ തമിഴ്നാടിന്റെ സമ്പദ്‌വ്യവസ്ഥയെ ലോകരാജ്യങ്ങളോട് കിടപിടിക്കാൻ ശേഷിയുള്ളതാക്കി മാറ്റുമെന്നും വിജയ് പ്രഖ്യാപിച്ചു.
ജനക്ഷേമം ഉറപ്പാക്കാൻ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എന്നാൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും തമിഴ്നാടിന്റെ നയങ്ങൾക്കും എതിരായ നടപടികളുണ്ടായാൽ ശക്തിയുക്തം എതിർക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വിജയ് പറഞ്ഞു. മുൻസർക്കാരുകൾ തുടക്കമിട്ട ജനക്ഷേമ പദ്ധതികൾ തന്റെ സർക്കാർ തുടരുന്നുണ്ടെന്ന് അമ്മ കന്റീനും സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ ഉയർത്താനുള്ള തീരുമാനവും ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
അധികാരമേറ്റെടുത്ത് മൂന്ന് മാസത്തിനുള്ളിൽ 5,000 കോടിയിലേറെ രൂപയുടെ കാർഷിക വായ്പ ടിവികെ സർക്കാർ എഴുതിത്തള്ളി. കർഷകർക്കും ആരോഗ്യമേഖലയിലും നിർണായക പദ്ധതികൾ കൊണ്ടുവന്നു. സ്വർണസമ്മാന പദ്ധതി, ടാസ്മാക് കടകൾ അടച്ചുപൂട്ടൽ, റവന്യൂ വകുപ്പിലെ പരിഷ്കരണം, സർട്ടിഫിക്കറ്റുകളുടെ വേഗത്തിലുള്ള വിതരണം, പൊതുഗതാഗതത്തിനായി 300 ബസുകൾ എന്നിവയും വിജയ് എടുത്തുകാട്ടി.
എല്ലാ മനുഷ്യർക്കും അന്തസോടെയും അഭിമാനത്തോടെയും തുല്യ അവകാശങ്ങൾ അനുഭവിച്ചും സ്വയംനിർണയാവകാശത്തോടെയും ജീവിക്കാൻ കഴിയുന്ന നാടാണ് തന്റെ സ്വപ്നമെന്നും അതിനായി താനും തന്റെ സർക്കാരും പ്രവർത്തിക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു.
വിജയ്‌യുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: 'അടിമയെപ്പോലെ ഭരണകൂടം പെരുമാറുമ്പോൾ അതിനെതിരെ ജനങ്ങൾക്കിടയിൽ ഒരു ഐക്യം രൂപപ്പെടും. എല്ലാവരും ഒന്നിച്ച് നിൽക്കാൻ തുടങ്ങും. അങ്ങനെയുള്ള സ്ഥലത്ത് ജാതിയും മതവും വംശവും തകരും. അതെല്ലാം തകരുന്നയിടത്ത് യഥാർഥ സ്വാതന്ത്ര്യം പിറക്കും. അതാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1947 ഓഗസ്റ്റ് 15ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തെ മുറുകെപ്പിടിച്ചാണ് നമ്മൾ പടിപടിയായി വികസിച്ചുവരുന്നത്. ആ വികസനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടത് എല്ലാവരുടെയും കടമയാണ്. ഈ സമയത്ത് കൈക്കൂലിയിൽ നിന്നും അഴിമതിയിൽ നിന്നും മുക്തമാകുന്ന പാതയിലാണ്. അതിനായാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്.
386 വർഷം പഴക്കമുള്ള ഈ കോട്ടയിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം പതാക ഉയർത്തി ആഘോഷിക്കുകയാണ്. എന്താണ് നിങ്ങളോട് സംസാരിക്കേണ്ടതെന്ന് രാവിലെ ഞാൻ ആലോചിച്ചു. ലോകമെങ്ങുമുള്ള എന്റെ തമിഴ് സഹോദരങ്ങൾക്കും തമിഴ്നാട്ടിലുള്ളവർക്കും പുതുതലമുറയിലെ സിംഹക്കുട്ടികൾക്കും സഖാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
അഴിമതിയും കൈക്കൂലിയുമില്ലാത്ത, സാമൂഹിക സുരക്ഷ ഉറപ്പുനൽകാൻ കഴിയുന്ന, സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന സത്യസന്ധമായ ഭരണം നിർവഹിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സർക്കാരിന്റെ പ്രയത്നം. പൊതുജീവിതത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് പ്രമാണം. ജനങ്ങളുടെ ക്ഷേമമാണ് ഏറ്റവും വലുത്. അതാണ് ടിവികെയുടെ അടിസ്ഥാനം.
ജനക്ഷേമം ഉറപ്പാക്കാനുള്ള പദ്ധതികൾക്കായി കേന്ദ്രസർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ തമിഴ്നാടിന്റെ കാര്യം വരുമ്പോൾ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് എതിരായ തീരുമാനങ്ങൾ ഉണ്ടായാൽ അതിനെ ശക്തിയുക്തം എതിർക്കുമെന്നതിൽ സംശയം വേണ്ട.
ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് മുൻ സർക്കാരുകൾ കൊണ്ടുവന്ന പദ്ധതികൾ തുടരും. ജയലളിത കൊണ്ടുവന്ന അമ്മ കന്റീൻ പദ്ധതി, പ്രഭാതഭക്ഷണ പദ്ധതി എന്നിവ കൂടുതൽ വികസിപ്പിക്കും. ആറാം ക്ലാസ് വരെയുണ്ടായിരുന്ന പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയാക്കി സെപ്റ്റംബർ 16 മുതൽ തുടരും.
നിങ്ങളുടെ ഈ സർക്കാർ നിലവിൽ വന്നിട്ട് മൂന്ന് മാസമാകുന്നു. ഈ മൂന്ന് മാസത്തിനുള്ളിൽ കർഷകരുടെ വിളവായ്പ 5,000 കോടിയിലേറെ രൂപ എഴുതിത്തള്ളി. കാർഷിക പദ്ധതികൾക്കായി 134 കോടിയിലേറെ രൂപ നൽകി. കേന്ദ്രസർക്കാർ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചു. ആരോഗ്യമേഖലയിൽ എഐ ആപ്പ് കൊണ്ടുവന്നു. 300 പുതിയ ബസുകൾ അനുവദിച്ചു. സ്വർണസമ്മാന പദ്ധതി നടപ്പാക്കി. മദ്യപാനം നിരുത്സാഹപ്പെടുത്താൻ 717 ടാസ്മാക് കടകൾ അടച്ചുപൂട്ടി. ക്ഷേത്രഭൂമികൾ അളന്ന് തിട്ടപ്പെടുത്തി. റവന്യൂ വകുപ്പിൽനിന്ന് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. കൈക്കൂലിയെക്കുറിച്ച് പരാതിപ്പെടാൻ പുതിയ വാട്സ്ആപ്പ് നമ്പർ കൊണ്ടുവരും.
ധീരന്മാർ ജീവൻ ബലികഴിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ചിലർക്ക് മാത്രമല്ല, എല്ലാവർക്കും അന്തസോടെയും തുല്യ അവകാശങ്ങളോടെയും വോട്ടവകാശത്തോടെയും ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹവും പ്രയത്നവും. അത് നിറവേറ്റുകയാണ് ലക്ഷ്യം. ജനങ്ങളുടെ പിന്തുണയോടെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകാസംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റുകയെന്നതാണ് ലക്ഷ്യം. 2036നുള്ളിൽ തമിഴ്നാടിന്റെ സമ്പദ്‌വ്യവസ്ഥയെ ലോകരാജ്യങ്ങളോട് കിടപിടിക്കാൻ ശേഷിയുള്ളതാക്കി 1.5 ട്രില്യൺ ഡോളറാക്കി മാറ്റുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ജനങ്ങളേ, നിങ്ങളുടെ സഹോദരനും മകനുമായി കണ്ട് നിങ്ങൾ എനിക്ക് വോട്ട് ചെയ്ത് മുഖ്യമന്ത്രിയാക്കി. അതോടെ കടമ കഴിഞ്ഞുവെന്ന് ആരും വിചാരിച്ച് മാറിനിൽക്കേണ്ടതില്ല. ഇനിയാണ് നിങ്ങൾ എനിക്കൊപ്പം നിൽക്കേണ്ടത്. ഉറച്ച പിന്തുണ ഈ സർക്കാരിന് നൽകണം. അപ്പോൾ മാത്രമാണ് ജനക്ഷേമത്തിനുതകുന്ന പദ്ധതികൾ നിങ്ങൾക്കായി പൂർണ അർഥത്തിൽ നടപ്പിലാക്കാൻ എനിക്ക് കഴിയുക.
എട്ടുകോടി ജനങ്ങളുടെ പ്രതിനിധിയാണ് ഈ മുഖ്യമന്ത്രി പദം. ജനങ്ങളാണ് ഭരണാധികാരികളെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഇവിടെ വരുന്നവരെല്ലാം ജനങ്ങളുടെ സേവകരാണ്. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. വരൂ, നമുക്ക് ഒരുമിച്ച് കടമ നിർവഹിക്കാം. സർക്കാരിനെതിരായ എല്ലാ ഗൂഢാലോചനകളെയും ശത്രുക്കളെയും പരാജയപ്പെടുത്താം. നിങ്ങളെനിക്കൊപ്പമുള്ളപ്പോൾ എനിക്ക് ഒരു പ്രയാസവുമില്ല. നല്ലത് മാത്രം ചെയ്യാം. നിങ്ങളുടെ വിയോജിപ്പുകളെയും സ്വാഗതം ചെയ്യുന്നു.
സൈനികരുടെ രണ്ട് പെൺമക്കൾക്കുള്ള വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചു. സൈനിക സേവനത്തിനിടെ ശാരീരിക വൈകല്യം സംഭവിച്ചവർക്കുള്ള പ്രതിമാസ സഹായം 5,000 രൂപയിൽ നിന്ന് 7,000 രൂപയാക്കി വർധിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ 23,000 രൂപയാക്കി വർധിപ്പിക്കും. ഇവരുടെ കുടുംബങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ 12,500 രൂപയുമാക്കും.
ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിനെ തകർത്തെറിഞ്ഞ് എനിക്ക് ഒരു അവസരം നൽകിയതിന് തമിഴ്നാട്ടിലെ ജനങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അഴിമതിയില്ലാത്ത സർക്കാരിനാണ് ഞങ്ങളുടെ ശ്രമം. അഴിമതിയോട് സന്ധി ചെയ്യാത്ത ജനങ്ങളാണ് എന്റെ ലക്ഷ്യം. അഴിമതിമുക്ത തമിഴ്നാട് കെട്ടിപ്പടുക്കാൻ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും പിന്തുണയും ഞാൻ അഭ്യർഥിക്കുന്നു.'