തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ബിജെപി. കുമ്മനം രാജശേഖരനും ജേക്കബ് തോമസും ഉള്‍പ്പെടുന്ന സമിതി അന്വേഷിക്കും. ആരോപണ വിധേയരായ പാര്‍ട്ടി നേതാക്കളുടെ മൊഴിയെടുത്തു. പാര്‍ട്ടി രേഖകള്‍ പുറത്തുപോയതിലും അന്വേഷണമുണ്ടാകും. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരേ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമാണുണ്ടായത്.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെ പദവിയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെ ആവശ്യമുയര്‍ന്നു. വി.മുരളീധരന്‍റെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ പാർട്ടിയിലെ ആഭ്യന്തര തർക്കം രൂക്ഷമായി.

പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യുന്ന വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുന്നതിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആരോപണങ്ങള്‍ മാധ്യമസൃഷ്‌ടിയാണെന്ന് കോർ കമ്മിറ്റിയിൽ ഒരു വിഭാഗം ഉന്നയിച്ചെങ്കിലും മറുവിഭാഗം ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് മൂന്ന് നിയമസഭാ സീറ്റുകളിൽ വിജയിച്ചതിന് പിന്നാലെയാണ് ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കടുത്ത ഭിന്നതയുണ്ടായത്. 

ENGLISH SUMMARY:

BJP election fund scam allegations have led to an internal investigation within the party in Kerala. A committee including Kummanam Rajasekharan and Jacob Thomas has been formed to look into these serious charges.