ആര്‍.ശങ്കര്‍, കെ.കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി.

അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായി യുഡിഎഫിനെ നയിച്ചതാണ് മുഖ്യമന്ത്രിയാകാന്‍ വിഡി സതീശനുള്ള മുഖ്യ യോഗ്യതയായി അദ്ദേഹത്തെ അനുകൂലിക്കുന്ന പക്ഷം എടുത്തു പറയുന്നത്. തൊട്ടുമുന്‍പ് പ്രതിപക്ഷ നേതാവായിരുന്നയാള്‍ തന്നെയാണോ ഭരണം കിട്ടിയപ്പോള്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായിട്ടുള്ളത് ? ചരിത്രം പരിശോധിക്കാം

മുഖ്യമന്ത്രിയാകാതെ പോയ പി.ടി.ചാക്കോ

ആദ്യ ഇഎംഎസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ട ശേഷം നടന്ന തിരഞ്ഞെടുപ്പില്‍, അതായത്  കേരളത്തിലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 63 സീറ്റുണ്ടായിരുന്നു. നിലവില്‍ കോണ്‍ഗ്രസിനുള്ള അതേ നമ്പര്‍. അന്ന് 126 സീറ്റുണ്ടായിരുന്ന നിയമസഭയില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പട്ടം താണുപിള്ളയ്ക്ക് നല്‍കി. സഖ്യമുണ്ടാക്കുമ്പോള്‍ തന്നെ വിജയിച്ചാല്‍  മുഖ്യമന്ത്രിയാക്കാം എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പട്ടത്തിന് വാക്ക് കൊടുത്തിരുന്നു.  കെ.പി.സി.സി പ്രസിഡന്‍റായിരുന്ന ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയായി. പട്ടം പഞ്ചാബ് ഗവര്‍ണറായി പോയതോടെ ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി.  

 

ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പി.ടി.ചാക്കോയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടി ഇലക്ഷനില്‍ ജയിച്ചിട്ടും അത്തവണ  പ്രതിപക്ഷ നേതാവല്ല മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയത്.  പിടി ചാക്കോയാണെങ്കില്‍ വെറുമൊരു പ്രതിപക്ഷനേതാവായിരുന്നില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിലവാരം സെറ്റ് ചെയ്ത നേതാവ്. ടിവി തോമസോ , ഇഎംഎസോ , പട്ടം താണുപിള്ളയോ പോലും പ്രതിപക്ഷത്ത് ചാക്കോയെ പോലെ ശോഭിച്ചില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാല്‍ സി.അച്യുതമേനോനാണ്. 

ആദ്യ പ്രതിപക്ഷ നേതാവിന്‍റെ വിധി

പി.ടി. ചാക്കോ എന്തുകൊണ്ട് കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായില്ല. ? ആര്‍.ശങ്കര്‍ ആ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലായിരുന്നെങ്കില്‍  കഥ മറ്റൊന്നാവുമായിരുന്നു.  ഇലക്ഷനില്‍ മല്‍സരിക്കുന്നില്ല എന്നാണ് ശങ്കര്‍ ആദ്യം പറഞ്ഞിരുന്നത്.  ശങ്കര്‍ മുഖ്യമന്ത്രി സ്ഥാനം ചാക്കോയില്‍ നിന്ന് തട്ടിയെടുത്തതാണോ? അങ്ങനെ പറയാന്‍ പറ്റില്ല. രണ്ടുപേരും അന്ന് ഒറ്റ ഗ്രൂപ്പായിരുന്നു . ശങ്കര്‍– ചാക്കോ അച്ചുതണ്ടെന്നാണ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞുള്ള ഡല്‍ഹി യാത്രയില്‍ ചാക്കോ ശങ്കറിനോട് പറഞ്ഞത്രേ – 'മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് കിട്ടുന്നെങ്കില്‍ താന്‍ തന്നെ മുഖ്യമന്ത്രി ആകണം. ഞാന്‍ സംഘടനാ രംഗത്തേക്ക് പോകാം. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ എന്നെ നിയമസഭാ കക്ഷി നേതാവാക്കണം. '

 

നിയമസഭാകക്ഷി യോഗം തിരുവനന്തപുരം വാന്‍ റോസ് ബംഗ്ലാവില്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഡല്‍ഹിയില്‍ നിന്നൊരു ഫോണ്‍ വിളി വന്നു . ആര്‍ .ശങ്കറിനെ നിയമസഭാ കക്ഷി നേതാവാക്കണം എന്നായിരുന്നു സന്ദേശം. വിളിച്ചത് മറ്റാരുമല്ല. ജവഹര്‍ ലാല്‍ നെഹ്റു. അങ്ങനെ ഹൈമാന്‍ഡ് നിര്‍ദേശ പ്രകാരം ശങ്കര്‍ കക്ഷി നേതാവായി . ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടി.  മുഖ്യമന്ത്രി  സ്ഥാനത്ത് നിന്ന് പട്ടം മാറിയപ്പോള്‍ മുഖ്യമന്ത്രിയുമായി. കേരളത്തിലെ സമുദായ ഘടനയും ശക്തിയും കൂടി പരിഗണിച്ചാകണം ശങ്കര്‍ എന്ന പേരിലേക്ക് ഹൈക്കമാന്‍ഡെത്തിയത്.  പിന്നീട്, പീച്ചി വാഹനാപകട വിവാദത്തെത്തുടര്‍ന്ന്  ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ആ മന്ത്രിസഭയുടെ കാലാവധി തീരും മുമ്പേ നിര്യാതനാവുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ് കേരളത്തില്‍ മുഖ്യമന്ത്രിയായില്ല

കരുണാകരന്‍ എന്ന പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് കെ.കരുണാകരന്‍ ആയിരുന്നു. 1967 ലെ തിരഞ്ഞെടുപ്പില്‍ വെറും 9 എംഎല്‍എമാരുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കാലത്താണ് കരുണാകരന്‍ പ്രതിപക്ഷ നേതാവായി വരുന്നത്. അന്ന് നിയമസഭാ കക്ഷി നേതാവാകാനുള്ള നിര്‍ദേശം അലക്സാണ്ടര്‍ പറമ്പിത്തറ നിരസിച്ചപ്പോള്‍ ആ ചുമതല ഏറ്റെടുത്ത് ലീഡറായതാണ്  കരുണാകരന്‍.  1967 മുതല്‍  1996 ല്‍ എകെ ആന്‍റണി ആ സ്ഥാനത്ത് വരുന്നത് വരെ  കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നപ്പോഴൊക്കെ കെ.കരുണാകരന്‍  തന്നെയായിരുന്നു പ്രതിപക്ഷ നേതാവ്. ഇക്കാലയളവില്‍ ഭരണം കിട്ടിയപ്പോഴൊക്കെ അദ്ദേഹം തന്നെ മുഖ്യമന്ത്രിയുമായി. 

1977 ലാണ് ആദ്യമായി കെ.കരുണാകരന്‍ മുഖ്യമന്ത്രിയായത്. അതിന് മുമ്പ് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്ന 1967–69 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ലീഡര്‍ക്ക് സ്വാഭാവികമായി കിട്ടിയ സ്ഥാനം. 1977 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചതും കരുണാകരനായിരുന്നു. 

രാജന്‍ കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ കരുണാകരന്‍ രാജിവച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി.  തുടര്‍ന്ന് പികെവി, സിഎച്ച്, നായനാര്‍ മന്ത്രിസഭകള്‍ വന്നു. നായനാര്‍ മന്ത്രിസഭ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവച്ചപ്പോള്‍ കെ.കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. 

ലീഡര്‍ – പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും

തൊട്ടുമുമ്പത്തെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരന്‍ 1981 ഡിസംബര്‍ 28ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കാസ്റ്റിങ് മന്ത്രിസഭയെന്നറിയപ്പെട്ട ആ സര്‍ക്കാരും അല്‍പായുസ്സായിരുന്നു. 1982 ലെ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭൂരിപക്ഷം നേടി. സംശയമില്ല, കെ കരുണാകരന്‍ തന്നെ മുഖ്യമന്ത്രി. 1987 ലെ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി തോറ്റപ്പോള്‍ കെ.കരുണാകരന്‍ തന്നെ പ്രതിപക്ഷ നേതാവായി. 1991 ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടന്ന് മുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കരുണാകരന്‍ തന്നെ മുഖ്യമന്ത്രി. അങ്ങനെ ലീഡറുടെ പ്രതാപ  കാലത്ത് മുഖ്യമന്ത്രി–പ്രതിപക്ഷ നേതാവ് സ്ഥാനങ്ങള്‍ ലീഡര്‍ക്കു മാത്രമായിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനമൊക്കെ അന്ന് വെറുമൊരു ഔപചാരികത മാത്രം. 

ചാരക്കേസും ഗ്രൂപ്പിസവുമൊക്കെയായി കെ.കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായി. കെ.കരുണാകരന്‍ പിന്നീടൊരിക്കലും മുഖ്യമന്ത്രി–പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലേക്ക് വന്നില്ല. നിയമസഭയില്‍ തന്നെ പിന്നീടദ്ദേഹം അംഗമായില്ല. 

ആന്റണി– മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

1996 ലാണ് അതിനു മുമ്പ് രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന ആന്റണി ആദ്യമായി പ്രതിപക്ഷ നേതാവാകുന്നത്. അക്രമ സമരങ്ങളും ബഹളങ്ങളും കൂടാതെ പ്രതിപക്ഷത്തെ നയിച്ച കാലമായിരുന്നു അത്. 2001 ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റു നേടി ഉജ്ജ്വല ജയം. പ്രതിപക്ഷ നേതാവായിരുന്ന, തിരഞ്ഞെടുപ്പ് നയിച്ച ആന്റണി മുഖ്യമന്ത്രിയാകുന്നതിന് തടസ്സങ്ങളൊന്നുമുണ്ടായില്ല. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ആന്റണി രാജിവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി . 

ഉമ്മന്‍ ചാണ്ടി– മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

എകെ ആന്റണിയെപ്പോലെ പ്രതിപക്ഷ നേതാവാകും മുമ്പ് മുഖ്യമന്ത്രിയായ നേതാവാണ് ഉമ്മന്‍ ചാണ്ടി. 2006 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിച്ചു. വിഎസ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റു. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി. ആദ്യമായാണ് ഉമ്മന്‍ ചാണ്ടി ആ റോളില്‍. അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ്. യുഡിഎഫ് 72, എല്‍ഡിഎഫ് 68 . പ്രതിപക്ഷ നേതാവായിരുന്ന  ഉമ്മന്‍ ചാണ്ടി തന്നെ ഭരണം നേടിയെടുത്തു. 

2016 തിരഞ്ഞെടുപ്പില്‍ തോറ്റ യുഡിഎഫിനെ പ്രതിപക്ഷത്ത് നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നില്ല. രമേശ് ചെന്നിത്തലയായിരുന്നു. 2021 തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തുടര്‍ ഭരണം നേടി. യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കാമായിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരിത്രം

പത്തു തവണയാണ് കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടായത്. അതില്‍  ആറു തവണയും മുമ്പ് പ്രതിപക്ഷ നേതാവായിരുന്നവരാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മൂന്ന് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാജിവച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിഘട്ടത്തിലാണ് പ്രതിപക്ഷ നേതാവല്ലാത്തവര്‍ മുഖ്യമന്ത്രിയായെത്തിയത്. (എ.കെ.ആന്റണി –രണ്ടുവട്ടം, ഉമ്മന്‍ ചാണ്ടി – ഒരുവട്ടം) ഒരു തവണ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള പ്രമോഷനായും പ്രതിപക്ഷ നേതാവാകാത്തയാള്‍ മുഖ്യമന്ത്രിയായി ( ആര്‍.ശങ്കര്‍) 

 

തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ  കോണ്‍ഗ്രസ് നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചത് അഞ്ചു തവണയാണ്. ആ അഞ്ച് തവണയും തൊട്ടു മുമ്പ് പ്രതിപക്ഷ നേതാവായിരുന്നയാള്‍ തന്നെയാണ് മുഖ്യമന്ത്രിയായത്. ആര്‍.ശങ്കറും എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും  പ്രതിപക്ഷ നേതാവാകാതെ മുഖ്യമന്ത്രിയായവരാണ്. പ്രതിപക്ഷ നേതാവായിരുന്നിട്ടും മുഖ്യമന്ത്രിയാകാതെ പോയ കോണ്‍ഗ്രസ് നേതാക്കള്‍ പി.ടി.ചാക്കോയും രമേശ് ചെന്നിത്തലയുമാണ്.

 

ENGLISH SUMMARY:

A look into Kerala Congress history reveals how the post of Leader of the Opposition often became a stepping stone to the Chief Minister’s chair. From K. Karunakaran and AK Antony to Oommen Chandy, six Congress leaders who previously served as Opposition Leader went on to become Kerala Chief Minister. The political history also revisits the cases of PT Chacko and Ramesh Chennithala, who never got the opportunity despite leading the opposition.