യു.പി പ്രയാഗ്‌രാജിൽ രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് രാഹുലിനെതിരെ വിമർശനവുമായി ശശി തരൂർ. ക്യാംപെയിന്‍ വേണ്ടത്ര ജനശ്രദ്ധ നേടിയില്ലെന്നും, യുവാക്കളുടെ ആവശ്യങ്ങൾ അറിയുന്നതിൽ കോൺഗ്രസിന് വീഴ്ചയുണ്ടായെന്നും തരൂർ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയെ പോലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും അവരെ കേള്‍ക്കുകയും ചെയ്യുന്ന മറ്റൊരു നേതാവില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
പരീക്ഷ ക്രമക്കേടുകള്‍ക്ക് എതിരെയുള്ള പതിവ് പ്രതിഷേധ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി യുവജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുമായി സംവദിച്ച് രാഹുല്‍ ഗാന്ധി നടത്തുന്ന ഛാത്രോം കി ഗൂഞ്ച് ഫലപ്രദമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുമ്പോഴാണ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ വിമര്‍ശനം. വിദ്യാർത്ഥി സമരങ്ങളിൽ കോൺഗ്രസിനേക്കാൾ സ്വാധീനം ചെലുത്താൻ സിജെപിക്ക് കഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയ ശൈലികൾ യുവാക്കൾക്കിടയിൽ വിലപ്പോവില്ല. ജനങ്ങളുടെ പൾസ് അറിയാൻ പാർട്ടിക്ക് കഴിയണം. ഛാത്രോം കി ഗൂഞ്ച് ജനശ്രദ്ധ നേടിയില്ലെന്നും തരൂർ വിമർശിച്ചു.
തരൂരിന്റെ പ്രസ്താവനയെ പതിവ് പോലെ കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം രാഹുല്‍ ഗാന്ധിയെ പോലെ ജനങ്ങളെ കേള്‍ക്കുന്ന മറ്റൊരു നേതാവില്ലെന്ന് ഉത്തരാഖണ്ഡ് ഹല്‍ദ്വാനിയിലെ റാലിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഛാത്രോം കി ഗൂഞ്ച് വേദിയായ പ്രയാഗ്രാജിലെ കെ പി മൈതാനത്തിന് ചുറ്റും പ്രത്യക്ഷപ്പെട്ട രാഹുൽ ഗാന്ധിക്കെതിരായ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കി. പരിപാടി തക്‍ക്കാന്‍ ബിജെപി എല്ലാ മാര്‍ഗവും തേടുയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.