പുനഃസംഘടന വര്‍ഷം അവസാനിക്കാനിരിക്കെ പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ പദവിയില്‍ ഇരുന്നാല്‍ മതിയെന്നാണ് നിലപാട്. എ.ഐ.സി.സി സെക്രട്ടറിമാർക്കും ജില്ലാ അധ്യക്ഷന്മാർക്കുമുള്ള പെർഫോമൻസ് അപ്രൈസലും കർശന നിർദ്ദേശങ്ങളും ഇതിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ സഹായിക്കാൻ നിയോഗിക്കുന്ന എ.ഐ.സി.സി സെക്രട്ടറിമാർ ചുമതലയുള്ള പ്രദേശങ്ങളില്‍ വല്ലപ്പോഴുമെത്തി പ്രവര്‍ത്തിച്ചാല്‍ പോരെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. ചുമതലയുള്ള സംസ്ഥാനങ്ങളിൽ മാസത്തിൽ കുറഞ്ഞത് 15 മുതൽ 20 ദിവസം വരെ നിർബന്ധമായും ചെലവഴിക്കണം. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുണമെന്നുമാണ് നിര്‍ദേശം. നിലവിലുള്ളവര്‍ക്കും വരാനിരിക്കുന്നവര്‍ക്കുമെല്ലാം നിര്‍ദേശം ബാധകമാണ്. ഇക്കാര്യം ഹൈക്കമാന്‍ഡ് വരും നാളുകളില്‍ വിലയിരുത്തും. പുതിയ സെക്രട്ടറിമാരെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഡിസിസികളെ ശക്തിപ്പെടുത്തിപ്പെടുത്താന്‍ ഊര്‍ജ്ജ്വസ്വലമായ നീക്കങ്ങള്‍ ആവശ്യമാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ച കൂടിയാണ് നിലവിലെ തീരുമാനങ്ങള്‍. 'സംഘടൻ സൃജൻ അഭിയാന്റെ' ഭാഗമായി ഒരു ഓൺലൈൻ കളർ-കോഡഡ് പെർഫോമൻസ് ട്രാക്കർ ആരംഭിച്ചിട്ടുണ്ട്. പാർട്ടി സെൻട്രൽ വാർ റൂമിന്റെ നേതൃത്വത്തിലാണിത്. ഈ സംവിധാനത്തിൽ അധ്യക്ഷന്മാരുടെ പ്രവർത്തനം പച്ച (നല്ലത്), ആംബർ (ശരാശരി), ചുവപ്പ് (മോശം) എന്നിങ്ങനെ തരംതിരിച്ചാണ് വിലയിരുത്തുന്നത്. ഓരോ മാസവും ചെയ്യുന്ന പ്രവർത്തനങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. മൂന്ന് മാസം കൂടുമ്പോള്‍ വിലയിരുത്തും. മോശം പ്രകടനമാണെങ്കില്‍ നോട്ടീസും പിന്നാെല നടപടിയും വരും.
സംസ്ഥാനങ്ങളിലെ വിവിധ കോൺഗ്രസ് ഡിപ്പാർട്ട്മെന്റുകളുടെയും സെല്ലുകളുടെയും കാര്യക്ഷമതയില്ലാത്ത തലവന്മാർക്കും നോട്ടീസ് വരും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോട് കീഴിലുള്ള സെക്രട്ടറിമാർക്ക് കൃത്യമായ അസൈൻമെന്റുകൾ നൽകണമെന്നും നിലവിലെ നിര്‍ദേശങ്ങള നടപ്പിലാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, പുതിയ എഐസിസി നിയമനങ്ങളിൽ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും ഹൈക്കമാൻഡ് ശ്രമിക്കുന്നുണ്ട്.