• സംഘര്‍ഷമുണ്ടായ വീട്ടിലേക്ക് തന്നെ ക്ഷണിച്ചുവരുത്തിയതാണെന്നും വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചതാണെന്നുമായിരുന്നു എം.എം.ഹസനും നെയ്യാറ്റിന്‍കര സനലും ഉള്‍പ്പെട്ട അന്വേഷണ സമിതിയോട് രമ്യ മൊഴി നല്‍കിയത്

പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിനെ താക്കീത് ചെയ്തേക്കും. ജനപ്രതിനിധി ആയതിനാല്‍ അച്ചടക്ക നടപടി വേണ്ടെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എം.എം.ഹസന്‍ സമിതി ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. Also Read: രമ്യ ചെയ്തത് തെറ്റ്; കെ.സിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചു: എ.പി.അനില്‍കുമാര്‍

എംഎല്‍എയെ വിമര്‍ശിച്ച് വാട്സാപ്പില്‍ സജാദ് കുറിപ്പിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വിവാദമായതിന് പിന്നാലെ കെപിസിസി അന്വേഷണ സമിതിയെയും നിയോഗിച്ചു. സംഘര്‍ഷമുണ്ടായ വീട്ടിലേക്ക് തന്നെ ക്ഷണിച്ചുവരുത്തിയതാണെന്നും വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചതാണെന്നുമായിരുന്നു എം.എം.ഹസനും നെയ്യാറ്റിന്‍കര സനലും ഉള്‍പ്പെട്ട അന്വേഷണ സമിതിയോട് രമ്യ മൊഴി നല്‍കിയത്. രമ്യ കയ്യേറ്റം ചെയ്ത ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം, സജാദ് എന്നിവരില്‍ നിന്നും അന്വേഷണ സമിതി ഞായറാഴ്ച മൊഴിയെടുത്തിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന് ഹസന്‍ കൈമാറും. 

നേരത്തെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രമ്യയുടെ സഹായി പാളയം പ്രദീപ്, സംഘര്‍ഷം നടന്ന വീടിന്‍റെ ഉടമ എസ്.സജാദ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് ശേഷം ചിറയിന്‍കീഴിലേക്ക് മടങ്ങിയെത്തിയ രമ്യ 'ചിറയിന്‍കീഴില്‍ ഇന്നലെയുമുണ്ട്, ഇന്നുമുണ്ട്, നാളെയുമുണ്ടാകും എന്ന് പറഞ്ഞ് വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. 

രമ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടാവില്ലെന്നും നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കെപിസിസി പ്രസിഡന്‍റ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ENGLISH SUMMARY:

The M. M. Hassan committee is expected to submit its final report today regarding the assault case involving Chirayinkeezhu MLA Ramya Haridas, with indications suggesting she may face a party warning rather than strict disciplinary action. Calls within the Congress party emphasize avoiding formal disciplinary measures given her status as an elected representative. The incident stemmed from a dispute triggered by a critical WhatsApp post authored by Sajjad, leading to an altercation. In her statement to the enquiry panel—comprising M. M. Hassan and Neyyattinkara Sanal—Ramya stated she was invited to the house and reacted only when someone attempted to record a video. Based on preliminary findings, the party has already suspended Ramya's assistant Palayam Pradeep and house owner S. Sajjad, while Chief Minister V. D. Satheesan confirmed that consultations have taken place and the KPCC president will provide further clarifications.