Image: X

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അവധിക്കാല ചിത്രം പങ്കുവച്ച് ചോദ്യവുമായി ബിജെപി. ബോട്ടിൽ ഒരു സ്ത്രീയോടും കുട്ടിയോടും ഒപ്പം രാഹുൽ ഗാന്ധി ഇരിക്കുന്ന ചിത്രമാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. ഈ ചിത്രം എവിടെ, എപ്പോഴാണ് എടുത്തതെന്നും രാഹുലിനൊപ്പമുള്ളവർ ആരാണെന്നും വ്യക്തമാക്കണമെന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടും. സംഭവം വലിയ ചർച്ചയായതോടെ കോൺഗ്രസ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

ചിത്രത്തിലുള്ളവരുമായി ബന്ധപ്പെട്ട് ഉയർന്ന ഊഹാപോഹങ്ങൾക്ക് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ് മറുപടി നൽകിയത്. രാഹുലിനൊപ്പമുള്ള സ്ത്രീയും കുട്ടിയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്നും, അവർ ഒരുമിച്ച് കുടുംബമായി അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രമാണിതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കിയത്. സുഹൃത്ത് ആ ഫോട്ടോയിലില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയിലെ ടെക്സസിലുള്ള ലേക്ക് റേ റോബർട്ട്സിൽ വെച്ചാണ് ഈ ചിത്രം എടുത്തതെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഗിരിരാജ് സിങിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പ്രായത്തിന് നിരക്കാത്ത രീതിയിലുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും രാഷ്ട്രീയ എതിരാളികൾ വ്യക്തിപരമായ കാര്യങ്ങളെ പോലും വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. രാഹുലിന്റെ വിദേശ സന്ദർശനങ്ങളെ കുറിച്ചും അതിന്റെ സാമ്പത്തിക സ്രോതസ്സുകളെയും സംബന്ധിച്ചും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ ചിത്ര വിവാദം.

ENGLISH SUMMARY:

Union Minister Giriraj Singh shared a vacation photo on X showing Leader of Opposition in the Lok Sabha Rahul Gandhi on a boat with a woman and a child. Singh demanded answers regarding when and where the picture was taken and the identities of the individuals accompanying Gandhi. Congress spokesperson Supriya Shrinate responded by clarifying that the woman and child are a friend's family members holidaying together in Texas, USA. Congress leaders strongly criticized the BJP for raising inappropriate questions and dragging personal matters into political controversies.