congress-aicc

കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒറ്റപ്പേര് നിര്‍ദേശിക്കാതെ എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. തിടുക്കത്തില്‍ തീരുമാനം പ്രഖ്യാപിക്കാതെ സമവായത്തിലെത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. 

മുകുള്‍ വാസ്നിക്കിന്‍റെ കയ്യില്‍ നിന്ന് ചോര്‍ന്ന കടലാസ് മാത്രമല്ല മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മുന്നിലെത്തിയത്. എംഎല്‍എമാരുടെ പിന്തുണയ്ക്കൊപ്പം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കള്‍ക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളും നിരീക്ഷകര്‍ ദേശീയ അധ്യക്ഷനെ ധരിപ്പിച്ചു. ഏതെങ്കിലും ഒരാളുടെ പേര് നിര്‍ദേശിച്ചില്ല. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും അജയ് മാക്കനും മുകുല്‍ വാസ്നിക്കിനുമൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിട്ടുനിന്നു. 

​നിരീക്ഷകരുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്ന ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണിയുടെ അഭിപ്രായം തേടും. ഇന്ന് രാത്രി ഡല്‍ഹിയിലെത്തുന്ന സംസ്ഥാന നേതാക്കളുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിശദമായി ചര്‍ച്ച നടത്തും. കെപിസിസി ഭാരവാഹികളും എംപിമാരും അഭിപ്രായം അറിയിക്കും. മൂന്നു പ്രധാന നേതാക്കളെയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമാവും ഉണ്ടാവുക എന്ന് നേതൃത്വം വ്യക്തമാക്കി. 

അതേസമയം കേരളത്തില്‍ നടക്കുന്ന തെരുവുപോരിലും സമൂഹമാധ്യമ പ്രചാരണത്തിലും രാഹുല്‍ ഗാന്ധിക്ക് അമര്‍ഷമുണ്ട്. അതിനിടെ ഡല്‍ഹിയെത്തിയ ശശി തരൂര്‍ എംപി, മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

ENGLISH SUMMARY:

Kerala CM candidate selection is underway with the Congress high command aiming for consensus. AICC observers have submitted their report without naming a single candidate, and state leaders will meet with Rahul Gandhi and Mallikarjun Kharge to discuss the way forward.