congress-list

TOPICS COVERED

 മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്ന് എ.ഐ.സി.സി നിരീക്ഷകര്‍ കുറിച്ചെടുത്ത രേഖ ചോര്‍ന്നു. എ.ഐ.സി.സി നിരീക്ഷകന്‍ മുകുള്‍ വാസ്നിക്കിന്‍റെ കൈയ്യിലുള്ള ഫയലിലെ രേഖയാണ് പുറത്തായത്. കെപിസിസി സണ്ണി ജോസഫ് ഉള്‍പ്പെടെ കെ.സി. വേണുഗോപാലിന് പിന്തുണച്ചുവെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. അതേസമയം, വി.ഡി.സതീശന് പിന്തുണ നല്‍കിയെന്ന് സൂചനയുള്ള ഉദുമ എം.എല്‍.എ കെ.നീലകണ്ഠന്‍റെ അഭിപ്രായം പട്ടികയില്‍ രേഖപ്പെടുത്താത്തത് ദുരൂഹതയായി. ഇക്കാര്യത്തില്‍ നീലകണ്ഠന്‍ എഐസിസി നിരീക്ഷകന് പരാതി അയച്ചതോടെ വിവാദത്തിന് ഗൗരവമേറി. ചിത്രത്തിന്‍റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, വ്യക്തമായി ഒരു പേര് പറഞ്ഞിട്ടില്ലെന്ന് മനോരമന്യൂസിനോട് പറഞ്ഞു. 

നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എ.ഐ.സി.സി ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയും അടച്ചിട്ട മുറിയിലിരുന്നാണ് മുഖ്യമന്ത്രിക്ക് സ്ഥാനത്തേക്ക് ആരെന്നതില്‍ എംഎല്‍എമാരുടെ മനസ് അറിഞ്ഞത്.  അത് കുറിച്ചിട്ട രേഖയുമായി പുറത്തേക്ക് വന്ന മുകുള്‍ വാസ്നിക്കിന്‍റെ ചിത്രവും ആ രേഖയുടെ സൂക്ഷ്മമായ ഫോട്ടോയും ഒരു ഇംഗ്ളീഷ് പത്രം പുറത്തുവിട്ടു. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, ടി.സിദ്ദീഖ്, സജീവ് ജോസഫ്, ഉഷ വിജയന്‍. ടി.ഒ. മോഹനന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ കെ.സി.വേണുഗോപാലിനാണ് പിന്തുണയ്ക്കുന്നത്. ഐ.സി.ബാലകൃഷ്ണന്‍ കെ.സിയുടെയും രമേശിന്‍റെയും പേര് നിര്‍ദേശിച്ചു. കെ.പി.സി.സി അധ്യക്ഷനും പക്ഷം പിടിച്ചുവെന്ന വിവാദം കത്തിപ്പിടിക്കുമ്പോള്‍ സണ്ണി ജോസഫ് അതിനുള്ള പ്രതികരണം മനോരമന്യൂസിലൂടെ പങ്കുവച്ചു. 

അതേസമയം, വിവാദമായത് പട്ടികയില്‍ ആദ്യം കാണുന്ന കെ.നീലകണ്ഠന്‍റെ നിര്‍ദേശം ആര്‍ക്കെന്ന് രേഖപ്പെടുത്താത്ത താണ്. വി.ഡി.സതീശന് പിന്തുണ നല്‍കിയെന്നാണ് നീലകണ്ഠന്‍ സൂചിപ്പിക്കുന്നത്. തന്‍റെ വോട്ട് രേഖപ്പെടുത്താത്തതില്‍ നീലകണ്ഠന്‍ മുകുള്‍ വാസ്നിക്കിന് പരാതി കൂടി അയച്ചതോടെ വിശദീകരണം നല്‍കാന്‍ എ.ഐ.സി.സിക്ക് മേല്‍ സമ്മര്‍ദ്ദമേറി. ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala politics is abuzz with a leaked document from AICC observers detailing MLA support for the Chief Minister's post. This document, allegedly from AICC observer Mukul Wasnik's file, indicates that K.P.C.C. leaders, including Sunny Joseph, support K.C. Venugopal, while the omission of Udma MLA K. Neelakandan's preference for V.D. Satheesan has raised suspicions and led to a complaint