Untitled design - 1

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തർക്കം തുടരുന്നതിനിടെ ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് വ്യക്തമാക്കി താന്‍ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ അയച്ചെന്ന് സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ). ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് ഞാൻ ഇന്ന് ഒരു തുറന്ന കത്ത് ഇമെയിൽ വഴി അയച്ചിട്ടുണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ആറാട്ട് അണ്ണൻ ഈ പോസ്റ്റ് ആരംഭിക്കുന്നത്. രാഹുൽ ഗാന്ധിക്ക് മെയില്‍‍ അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

'കേരളത്തിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്  പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണ്. 

സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം.' – സന്തോഷ് വര്‍ക്കി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലെ വരികളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷം ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ പട്ടികയുടെ ഒറിജിനാലിറ്റി പരിശോധിക്കണമെന്ന് സണ്ണി ജോസഫ്. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. പട്ടിക പുറത്തായതില്‍ പ്രതികരിക്കേണ്ടത് നിരീക്ഷകരെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. 

മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനമറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. നിരീക്ഷകരും–രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചില്ല. പ്രശ്നപരിഹാരം സാവകാശത്തിലെന്നാണ് സൂചന. കേരളത്തിലെ നേതാക്കള്‍ക്കും സമയം അനുവദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് ഹരിയാനയിലെ പൊതുപരിപാടികളില്‍ പങ്കെടുക്കും. 

ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന് സമർപ്പിക്കും.സണ്ണി ജോസഫ് ഉള്‍പ്പെടെ ഏതാനും എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നു. എഐസിസി നിരീക്ഷകനായെത്തിയ മുകുള്‍ വാസ്നിക്കിന്റെ കൈവശമുണ്ടായിരുന്ന പേപ്പറിലാണ് എംഎല്‍എമാരുടെ പേരും പിന്തുണ ആര്‍ക്കെന്നതും വ്യക്തമാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

VD Satheesan Chief Minister is the primary focus as Santhosh Varkey claims to have emailed Rahul Gandhi expressing public support for Satheesan's potential chief ministership. This comes amidst ongoing discussions and potential conflicts within the Kerala Congress regarding the next chief minister.