രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ ഒരാളൊഴികെ മറ്റ് 20 മന്ത്രിമാരും മല്‍സരിച്ച തിരഞ്ഞെടുപ്പിനാണ് ഇന്ന് വിധി വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മന്ത്രിസഭയെത്തന്നെ ജനം വിലയിരുത്തുന്നു. എക്സിറ്റ് പോളുകള്‍ യുഡിഎഫ് തരംഗം പ്രവചിച്ചിരിക്കേ മല്‍സരിച്ച മന്ത്രിമാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. മുഖ്യമന്ത്രി ഉള്‍പ്പടെ 20 മന്ത്രിമാര്‍ മല്‍സരിച്ചെങ്കിലും എല്‍ഡിഎഫ് നേതൃത്വം പോലും ഏഴു പേര്‍ക്ക് മാത്രമേ ശരിക്കും വിജയസാധ്യത കല്‍പ്പിക്കുന്നുള്ളു എന്നതും ശ്രദ്ധേയമാണ്.
അത്തരത്തില്‍ നൂറുശതമാനം വിജയസാധ്യത ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിയാണ് ധര്‍മടത്ത്, തന്‍റെ ജന്മനാട്ടില്‍ മൂന്നാമതും മല്‍സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപീകരിക്കപ്പെട്ടതിന് ശേഷം 2011 ലെ തിരഞ്ഞെടുപ്പ് മുതല്‍ മുതല്‍ ഇടത് കോട്ടയാണ് ധര്‍മ്മടം. 2016 ല്‍ 36,905 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ പിണറായിയുടെ ആദ്യ വിജയം. 87,329 വോട്ടാണ് അന്ന് പിണറായി നേടിയത്. 2021 ല്‍ ഈ ഭൂരിപക്ഷം 50,123 ആയി ഉയര്‍ന്നു, കിട്ടിയ വോട്ട് 95,522. മുഖ്യമന്ത്രിക്കെതിരായി ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് വി.പി.അബ്‌ദുല്‍ റഷീദും ബിജെപിയില്‍ നിന്ന് കെ.രഞ്ജിത്തുമാണ് മല്‍സരിക്കുന്നത്.
ചെങ്ങന്നൂരില്‍ നിന്നാണ് ഫിഷറീസ്, സാംസ്കാരിക വകുപ്പ്, യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ ജനവിധി തേടുന്നത്. 2016 ൽ വിജയിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തെ തുടര്‍ന്ന് 2018-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാൻ എംഎല്‍എയാകുന്നത്. 2021 ല്‍ വീണ്ടും മല്‍സരിച്ച അദ്ദേഹം 71,502 വോട്ട് നിയമസഭയിലെത്തി, മന്ത്രിയുമായി. അതുകൊണ്ടു തന്നെ ഇത്തവണയും സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എം.വി.ഗോപകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
പത്തുവര്‍ഷം തുടര്‍ച്ചയായി മന്ത്രിയായ റെക്കോര്‍ഡുമായാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ എലത്തൂരില്‍ വീണ്ടും ജനിവിധി തേടുന്നത്. മണ്ഡലം നിലവിൽ വന്നത് മുതൽ എ.കെ.ശശീന്ദ്രനാണ് എംഎല്‍എ. എന്നാല്‍ ഇത്തവണ ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രാദേശിക നേതൃത്വം എതിർപ്പുന്നയിച്ചതു മുതല്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ച മണ്ഡലമാണ് എലത്തൂര്‍. 2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ശശീന്ദ്രൻ ഇത്തവണയും എലത്തൂരിനെ എല്‍ഡിഎഫ് കോട്ടയായി നിലനിര്‍ത്തും എന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കടുത്ത മല്‍സരം നേരിട്ട കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാല്‍ തന്നെയാണ് ഇത്തവണയും ഇടത് സ്ഥാനാര്‍ഥി. സിപിഎം വിട്ട മുന്‍ എംഎല്‍എ അയിഷ പോറ്റിയെ മുന്‍നിര്‍ത്തിയായിരുന്നു കൊട്ടാരക്കരയിലെ യുഡിഎഫ് പോരാട്ടം. എക്സിറ്റ് പോളുകള്‍ ബാലഗോപാലിന് അനുകൂലമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 68,770 വോട്ട് നേടിയായിരുന്നു ബാലഗോപാലിന്‍റെ വിജയം.
കൊട്ടാരക്കര പോലെ തന്നെ കടുത്ത മല്‍സരം കണ്ട മണ്ഡലമാണ് പത്തനാപുരം. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഇടത് പ്രതീക്ഷയും എക്സിറ്റ് പോള്‍ പ്രവചനവും. ഗണേഷിന്‍റെ വ്യക്തിപ്രഭാവം തന്നെയാണ് മുതല്‍ക്കൂട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 67,276 വോട്ടുകൾ നേടിയാണ് കേരള കോൺഗ്രസ് (ബി) സ്ഥാനാർഥി കെ.ബി.ഗണേഷ് കുമാര്‍ വിജയിച്ചത്. കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഇത്തവണയും ജ്യോതികുമാർ ചാമക്കാല തന്നയാണ് ഇത്തവണയും യു.ഡി.എഫ്. സ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥി അനിൽപിള്ളയും.
2001 മുതൽ തന്‍റെ കുത്തകയായ ഇടുക്കിയില്‍ നിന്ന് ഇത്തവണയും വിജയം ഉറപ്പിച്ചായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ മല്‍സരം. കഴിഞ്ഞ തവണ 66,436 വോട്ടുകൾ നേടിയാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായ റോഷി വിജയിച്ചത്. ഇത്തവണ റോഷിക്കെതിരെ കോണ്‍ഗ്രസ് നേരിട്ടാണ് ഇടുക്കിയില്‍ മല്‍സരിക്കുന്നത്. മുൻ ഡിസിസി പ്രസിഡന്‍റ് റോയ് കെ പൗലോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് പ്രതീഷ് പ്രഭ എൻഡിഎയ്ക്കുവേണ്ടി രംഗത്തിറങ്ങി.
കേരളത്തിന്‍റെ ഭാവി ഇന്നറിയാം; വോട്ടെണ്ണല്‍ 8 മുതല്‍
ഇരിങ്ങാലക്കുടയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു വീണ്ടും മല്‍സരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 62,493 വോട്ടുകൾ നേടിയാണ് ബിന്ദു മണ്ഡലം നിലനിർത്തിയത്. യുഡിഎഫും എൻഡിഎയും വോട്ട് വര്‍ധിപ്പിച്ചെങ്കിലും ഭൂരിപക്ഷം ഉയർത്തി എൽഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു. കഴിഞ്ഞ തവണ 58,289 വോട്ടുകൾ നേടി വിജയിച്ച സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം ഏറ്റുമാനൂരില്‍ മല്‍സരം കടുത്തതോടെ, വാസവന്‍റെ ജയം എല്‍ഡിഎഫ് 100 ശതമാനം ഉറപ്പിക്കുന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ താനൂരില്‍ നിന്നും ജയിച്ചത്. അബ്ദുറഹ്മാൻ 70,704 വോട്ടുകൾ നേടുകയും മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസ് 69,719 വോട്ടുകൾ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ തിരൂരാണ് തട്ടകം. താനൂരിനെ അപേക്ഷിച്ച് വിജയ സാധ്യത കുറവുള്ള മണ്ഡലമാണ് തിരൂരെങ്കിലും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.
2021-ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് കണ്ണൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ടുകൾ നേടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശൻ പാച്ചേനി 58,568 വോട്ടുകളാണ്. ബിജെപി സ്ഥാനാർത്ഥി 11,581 വോട്ടുകൾ നേടുകയും ചെയ്തിരുന്നു. 1,745 വോട്ട് മാത്രമായിരുന്നു രാമചന്ദ്രന്‍റെ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സ്ഥിതിയും സുരക്ഷിതമല്ലെന്നാണ് സിപിഎം കരുതുന്നത്. മാനന്തവാടിയില്‍ ഒ.ആര്‍.കേളുവിന്‍റെ സ്ഥിതിയും മറിച്ചല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 72,536 വോട്ടുകൾ നേടിയായിരുന്നു കേളുവിന്‍റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിക്ക് 63,254 വോട്ടുകള്‍ ഉണ്ടായിരുന്നു, 9,282 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേളു മണ്ഡലം നിലനിർത്തിയത്.
ബേപ്പൂരില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനു വിജയസാധ്യതയുണ്ടെങ്കിലും കടുത്ത മല്‍സരമാണ് നേരിട്ടത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റിയാസ് 82,165 വോട്ടുകൾ നേടിയാണ് ബേപ്പൂരില്‍ നിന്ന് വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 49.73 ശതമാനമായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ പി.എം. നിയാസ് 53,418 വോട്ടുകൾ (32.33%) നേടി രണ്ടാമതെത്തി. ബിജെപി സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബു 26,267 വോട്ടും (15.90%) നേടി.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ നേമത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും യു.ഡി.എഫിന്റെ കെ.എസ്. ശബരീനാഥനും എത്തിയതോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരമായി അത് മാറി. 2021-ലെ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടി 55,837 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ 3,949 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ 36,524 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍ നിന്നാണ് ആറന്‍മുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വീണ്ടും ജനവിധി തേടുന്നത്. വീണയ്ക്കെതിരെ കോൺഗ്രസിന്റെ യുവനേതാവ് അബിൻ വർക്കിയും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. 2021-ലെ തിരഞ്ഞെടുപ്പില്‍ ആറന്മുളയിൽ നിന്ന് 74,950 വോട്ടുകൾ നേടിയായിരുന്നു വീണയുടെ വിജയം. വീണാ ജോർജിന്റെ വ്യക്തി പ്രഭാവത്തിന് അന്നത്തെ തിരഞ്ഞെടുപ്പില്‍ പങ്കുണ്ടായിരുന്നെങ്കില്‍ വിവാദങ്ങള്‍ക്കിടയില്‍ ഇത്തവണ റിസള്‍ട്ട് എന്തെന്നാണ് ഉറ്റുനോക്കുന്നത്.
പി.രാജീവ് വീണ്ടും കളമശേരിയിലാണ് മല്‍സരിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77,141 വോട്ടുകൾ നേടിയായിരുന്നു രാജീവിന്‍റെ വിജയം. തൃത്താലയിലാകട്ടെ എക്സൈസ്, തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രാജേഷും കോൺഗ്രസിന്റെ വി.ടി. ബൽറാമും തമ്മിലുള്ള ക്ലാസിക് പോരാട്ടമാണ് ഇത്തവണയും തൃത്താല കണ്ടത്. 2021-ലെ തിരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് അന്ന് സിറ്റിംഗ് എംഎൽഎ ആയിരുന്ന വി.ടി.ബൽറാമിനെ പരാജയപ്പെടുത്തി. 69,814 വോട്ടുകൾ നേടിയാണ് തൃത്താലയിൽ നിന്ന് വിജയിച്ചത്. ഈ വിജയം തൃത്താലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറയ്ക്കുകയും ചെയ്തു. അതേസമയം എക്സിറ്റ് പോളുകള്‍ പറയുന്നത് എം.ബി.രാജേഷിനുള്ള വോട്ടു ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത്തവണ വി.ടി.ബല്‍റാം നേട്ടമുണ്ടാക്കുമെന്നുമാണ്.
സിപിഐയില്‍ നിന്ന് നാല് മന്ത്രിമാരാണ് മല്‍സരരംഗത്തുള്ളത്. ഒല്ലൂരില്‍ റവന്യൂ മന്ത്രി കെ.രാജന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. 2021-ലെ തിരഞ്ഞെടുപ്പിൽ 76,657 വോട്ടുകൾ നേടിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്. നെടുമങ്ങാട് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും വിജയം ഉറപ്പിക്കുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 72,742 വോട്ടുകൾ നേടിയായിരുന്നു അദ്ദേഹത്തിന്‍റെ ജയം. ചടയമംഗലത്ത് ചിഞ്ചുറാണിയും വിജയം ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ചിഞ്ചുറാണി 67,252 വോട്ട് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ചേര്‍ത്തലയില്‍ കൃഷിമന്ത്രി പി പ്രസാദും വിജയം പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലാണ്. 83,702 വോട്ടുകൾ നേടിയായിരുന്നു കഴിഞ്ഞ തവണ പ്രസാദിന്‍റെ ജയം.
ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത ഒരേയൊരു മന്ത്രിസഭാംഗം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ 84,672 വോട്ടുകൾ നേടിയാണ് കൃഷ്ണന്‍കുട്ടി ജയിച്ചത്. കെ.കൃഷ്ണൻ കുട്ടി ഒഴിഞ്ഞ സീറ്റില്‍ ചിറ്റൂരിൽ ജനദാദള്‍ ജനറൽ സെക്രട്ടറി വി.മുരുകദാസാണ് മല്‍സരിക്കുന്നത്. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ താനില്ലെന്നും പുതിയ തലമുറ തിരഞ്ഞെടുപ്പിൽ എത്തട്ടെ എന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമെന്നുമാണ് കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നത്.