മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ഖറെ മുഖ്യമന്ത്രി വിഡി സതീശന്‍റെ സെക്രട്ടറിയാക്കാനുള്ള തീരുമാനം വിവാദത്തില്‍. ബംഗാളിലെ സമാന നിയമനത്തെ എതിര്‍ത്ത രാഹുൽ ഗാന്ധി കേരളത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിയനത്തില്‍ ജനങ്ങള്‍ സംശയമുണ്ടാവുക സ്വാഭാവികമാണെന്ന് സിപിഐയും എന്തിനുള്ള പ്രതിഫലമാണ് നിയമനനമെന്ന് ഡിവൈഎഫ്ഐയും ചോദ്യങ്ങള്‍ ഉയര്‍ത്തി. നിയമനത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലും വൈദ്യുത മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി.
ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്ന് തോന്നിപ്പിക്കുന്ന നിയമനം കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ബംഗാളില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയാക്കിയപ്പോള്‍ വലിയ കൊള്ളക്ക് വലിയ പ്രതിഫലമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് കേരളത്തിലെ നിയമനമെന്നും കേരളത്തിലും ബംഗാളിലെ നിലപാടാണോ ഉള്ളതെന്നു രാഹുല്‍ ഗാന്ധിയും വ്യക്തമാക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.രാജീവ് ആവശ്യപ്പെട്ടു.
ബംഗാളിന്‍റെ അതേ വഴിക്ക് സഞ്ചരിക്കാനാണോ കേരള മുഖ്യമന്ത്രിയും തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. എന്തിനുള്ള പ്രതിഫലമാണ് രത്തന്‍ ഖേല്‍ക്കറുടെ നിയമനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജു ചോദ്യമുയര്‍ത്തി. നിയമനത്തെ ന്യായീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രത്തന്‍ ഖേല്‍ക്കര്‍ നല്ല ഉദ്യോഗസ്ഥനെന്ന് പ്രതികരിച്ചു.
എന്നാല്‍ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ആ പാർട്ടിയുടെ തീരുമാനം എന്ന ഇ.പി ജയരാജന്‍റെ പ്രതികരണം കോണ്‍ഗ്രസിന് ആയുധമാണ്.