മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ഖറെ മുഖ്യമന്ത്രി വിഡി സതീശന്‍റെ സെക്രട്ടറിയാക്കാനുള്ള തീരുമാനം വിവാദമായതോടെ, മുന്‍ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധവുമായി കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍. കേരളത്തിൽ ഇലക്ഷൻ നിയന്ത്രിച്ച ചീഫ് ഇലക്ടറൽ ഓഫീസർമാരെ കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലോ മറ്റ് പ്രധാന വകുപ്പുകളിലോ നിയമിച്ച ചരിത്രം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്‍റെ മറുപടി. 

 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന  ഡോ. രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിതൻ ആയതിനു പിന്നിൽ ഭീകര ഗൂഡാലോചന ഉണ്ടെന്ന വാദം പൊള്ളയാണെന്ന് ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് കുറിച്ചു. 

 

മറ്റൊരു സിപിഎം നുണ ബോംബ് കൂടെ ധീര രക്തസാക്ഷിയായിരിക്കുകയാണ്. ഇലക്ഷൻ അട്ടി മറിച്ചു യുഡിഎഫിനെ ജയിപ്പിച്ചതിന്റെ പ്രത്യുപകാരമാണ് ഈ നിയമനം എന്നാണ് അക്ഷരഭ്യാസം ഉള്ള സഖാക്കൾ പറയുന്നത്. ഈ ലോജിക്ക് വച്ചു 2021 ലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ടിക്കാറാം മീണ 2021 ലെ ഇലക്ഷൻ കഴിഞ്ഞു പിണറായി രണ്ടാം പ്രാവശ്യം മുഖ്യമന്ത്രി ആയ ഉടനെ ഡെപ്യൂട്ടി ചീഫ് സെക്രട്ടറി ആയിരുന്നു. ഇതും തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൊണ്ടാണോ?

സമാനമായി 2016 ലെ മുഖ്യ ഇലക്ഷൻ ഓഫീസർആയിരുന്ന ഇ ഡബ്ലിയു മാജിയെ 2017 ഇൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കൃഷി വകുപ്പിന്റെ സെക്രട്ടറി ആക്കിയിരുന്നു. ഇത് 2016 ലെ ഇലക്ഷൻ അട്ടി മറിച്ചതിനുള്ള പ്രത്യുപകാരം ആയിരുന്നോ?.- ഹാരിസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 

അതേസമയം, ബംഗാളിലെ സമാന നിയമനത്തെ എതിര്‍ത്ത  രാഹുൽ ഗാന്ധി  കേരളത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഎം നിലപാട്.  നിയനത്തില്‍ ജനങ്ങള്‍ സംശയമുണ്ടാവുക സ്വാഭാവികമാണെന്ന് സിപിഐയും എന്തിനുള്ള പ്രതിഫലമാണ് നിയമനനമെന്ന് ഡിവൈഎഫ്ഐയും ചോദ്യങ്ങള്‍ ഉയര്‍ത്തി.  നിയമനത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലും വൈദ്യുത മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. 

ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്ന് തോന്നിപ്പിക്കുന്ന നിയമനം കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ബംഗാളില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയാക്കിയപ്പോള്‍ വലിയ കൊള്ളക്ക് വലിയ പ്രതിഫലമെന്ന് രാഹുല്‍ ഗാന്ധി  ആരോപിച്ചിരുന്നു. കൂളിങ്‌ പിരീഡ് പോലും പാലിക്കാതെയാണ് കേരളത്തിലെ  നിയമനമെന്നും കേരളത്തിലും ബംഗാളിലെ  നിലപാടാണോ  ഉള്ളതെന്നു രാഹുല്‍ ഗാന്ധിയും  വ്യക്തമാക്കണമെന്നും  സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം  പി.രാജീവ് ആവശ്യപ്പെട്ടു.  

ബംഗാളിന്‍റെ അതേ  വഴിക്ക് സഞ്ചരിക്കാനാണോ കേരള മുഖ്യമന്ത്രിയും തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. എന്തിനുള്ള പ്രതിഫലമാണ് രത്തന്‍ ഖേല്‍ക്കറുടെ നിയമനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജു ചോദ്യമുയര്‍ത്തി.  നിയമനത്തെ ന്യായീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രത്തന്‍ ഖേല്‍ക്കര്‍ നല്ല ഉദ്യോഗസ്ഥനെന്ന് പ്രതികരിച്ചു. 

എന്നാല്‍  രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ആ പാർട്ടിയുടെ തീരുമാനം എന്ന   ഇ.പി ജയരാജന്‍റെ പ്രതികരണം  കോണ്‍ഗ്രസിന് ആയുധമാണ്. 

ENGLISH SUMMARY:

Rathan Khelkar's appointment as Chief Minister's Secretary has sparked a significant political controversy in Kerala, with Congress cyber handles defending the move by citing past appointments of former Chief Electoral Officers to key positions after their tenures. The opposition, particularly the CPM, has criticized the appointment as a quid pro quo for influencing election results and has drawn parallels with similar situations in West Bengal, demanding clarity on Rahul Gandhi's stance.