പാലക്കാട് സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമർശനം. കടക്ക് പുറത്ത്, ഡാഷ് മോനെ പരാമർശങ്ങൾ തിരിച്ചടിച്ചെന്നും അംഗങ്ങള്‍. അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിനെതിരെ അംഗങ്ങൾ തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ പരുഷമായ ഭാഷയും സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയും വലിയ തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. മുൻപ് നടത്തിയ ചില വിവാദ പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. കൂടാതെ, വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചുവെന്നും ഇത് തോൽവിയുടെ ആഘാതം വർധിപ്പിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

 

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്ന കാര്യങ്ങളിൽ യാതൊരു വ്യക്തതയും ഉണ്ടായില്ലെന്നതും വിമർശനത്തിന് ഇടയാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും യോഗത്തിൽ സ്വയം വിമർശനം ഉയർന്നു. 

 

ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയർന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ ശക്തമായ വികാരം അലയടിക്കുന്നത്. അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് യോഗം നൽകുന്നത്.

ENGLISH SUMMARY:

Strong criticism was reportedly raised against Chief Minister Pinarayi Vijayan and CPM state secretary M.V. Govindan during a CPM area committee meeting in Palakkad following the party’s unexpected election defeat. Members alleged that controversial remarks, harsh language, and leadership style contributed to the setback. Concerns were also raised over internal party issues and the need for urgent corrective measures to prevent further political damage.